ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ വേഗതയെ സൂചിപ്പിക്കുന്ന ആര്‍-വാല്യു (റീ പ്രൊഡക്ഷന്‍ നമ്പര്‍) കൂടുതലാണെന്ന് കേന്ദ്ര സർക്കാർ. ഈ സംസ്ഥാനങ്ങളിൽ എല്ലാം ആർ വാല്യൂ നമ്പർ ഒന്നിന് മുകളിലാണെന്ന് സർക്കാർ ചൊവ്വാഴ്ച പറഞ്ഞു.
ആർ-വാല്യൂ ഒന്നിന് മുകളിലാണ് എന്നത് സൂചിപ്പിക്കുന്നത് രോഗബാധിതനായ ഒരു വ്യക്തി ശരാശരി ഒരാൾക്ക് രോഗം നല്കാൻ സാധ്യതയുണ്ടെന്നാണ്, ഇത് രോഗ വ്യാപനത്തിന് കാരണമാകുന്നതാണ്.
രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
“ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ ആർ-നമ്പർ ഉയർന്നതാണ്. ഈ സംഖ്യ ഒന്നിന് മുകളിലാകുമ്പോഴെല്ലാം, കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അർത്ഥമാക്കുന്നത്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നി രാജ്യങ്ങളിൽ ശരാശരി ആർ നമ്പർ 1.2 ആണ്.” കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ജൂൺ 20 വരെ ആർ വാല്യൂ കുറയുകയായിരുന്നെങ്കിൽ ജൂൺ 20 മുതൽ ജൂലൈ ഏഴ് വരെ ആർ വാല്യൂ ക്രമാനുഗതമായി ഉയരുന്നതായി ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ ഗവേഷകരുടെ വിശകലനം ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Also read: ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം
മേയ് ഒന്‍പതിനും 11 നുമിടയില്‍, ആര്‍-വാല്യു ഏകദേശം 0.98 ആയിരുന്നു. മേയ് 14 നും 30 നുമിടയില്‍ 0.82 ആയും മേയ് 15 മുതല്‍ ജൂണ്‍ 26 വരെ 0.78 ആയും കുറഞ്ഞു. എന്നാല്‍ ജൂണ്‍ 20 മുതല്‍ ജൂലൈ ഏഴു വരെയുള്ള കാലയളവില്‍ 0.88 ആയും ജൂലൈ മൂന്നു മുതല്‍ 22 വരെ 0.95 ആയും ആര്‍-വാല്യു ഉയര്‍ന്നതായി വിശകലനത്തിൽ കണ്ടിരുന്നു.
“കേരളത്തിലെ 10 ജില്ലകൾ ഉൾപ്പെടെ 18 ജില്ലകളിലാണ് കേസുകൾ വർദ്ധിച്ചുവരുന്ന പ്രവണത കാണപ്പെടുന്നത്. ഇപ്പോൾ രാജ്യത്തുള്ള മൊത്തം കോവിഡ് കേസുകളുടെ 47.5 ശതമാനവും കേരളം, മഹാരാഷ്ട്ര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ 18 ജില്ലകളിലാണ്. കൂടാതെ, കേസ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള 44 ജില്ലകളുണ്ട്. ഈ ജില്ലകൾ കേരളം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നി സംസ്ഥാനങ്ങളിലാണ്. 222 ജില്ലകളിൽ കേസുകളുടെ എണ്ണം കുറഞ്ഞു. ജൂൺ ഒന്നിന് 279 ജില്ലകളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഈ എണ്ണം ഇപ്പോൾ 57 ജില്ലകളായി കുറഞ്ഞു,” ലാവ് അഗർവാൾ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.