ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, വാക്സിന് വിതരണത്തിന്റെ തല്‍സ്ഥിതി എന്നിവ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡൽഹി, പഞ്ചാബ് കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പുതിയ രോഗവ്യാപനം കണക്കിലെടുത്ത് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2,483 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. സജീവ രോഗികളുടെ എണ്ണം 16,279 ആണ്. 32 മരണങ്ങളാണ് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണസംഖ്യ 5,23,654 ആയി.
അതിനിടെ, രാജ്യത്ത് മൂന്ന് കോവിഡ് -19 വാക്സിനുകൾക്ക് കൂടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) റെഗുലേറ്ററി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അറ് മുതൽ12 വരെ വയസ് പ്രായമുള്ളവർക്കും ബയോളജിക്കൽ ഇയുടെ കോർബെവാക്സിൻ അഞ്ച് മുതൽ 12 വരെ വയസ് പ്രായമുള്ളവർക്കും അടിയന്തര ഉപയോഗ അനുമതി (ഇയുഎ) അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുടെ രണ്ട് ഡോസ് കോവിഡ് -19 വാക്സിന് 12 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്കിടയിലെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.