ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം വെള്ളിയാഴ്ച 100 കടന്നതോടെ, അനാവശ്യ യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശം. പുതുവർഷ ആഘോഷങ്ങൾ ഉൾപ്പെടെ ലളിതമായി നടത്താൻ ശ്രദ്ധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനു മുകളിലുള്ള കേരളത്തിലെ ഒമ്പതും മണിപ്പൂരിലെ എട്ടും ജില്ലകൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ “പ്രാദേശിക നിയന്ത്രണങ്ങൾ” നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ചത്തെ കോവിഡ് അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ കൂടുതൽ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു, ഇത് അനാവശ്യ യാത്രകൾ ഒഴിവാക്കാനുള്ള സമയമാണ്, ബഹുജന സമ്മേളനങ്ങൾ ഒഴിവാക്കാനുള്ള സമയമാണ്, ആഘോഷങ്ങൾ ചെറിയ രീതിയിലാക്കാനുള്ള സമയം. പുതുവർഷ ആഘോഷങ്ങളും വളരെ ലളിതമായിരിക്കണം, അതും വളരെ പ്രധാനമാണ്,” യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാർഗവ പറഞ്ഞു.
ഒമിക്രോൺ കണ്ടെത്തിയത് മുതൽ ഇത് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ഇതുവരെ 91 രാജ്യങ്ങളിലായി 27,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ, ഇതുവരെ 113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ഇതിൽ വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 12, മഹാരാഷ്ട്രയിൽ എട്ട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ രണ്ട് വീതം കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.
“ഇപ്പോഴും അഞ്ചിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ഏകദേശം 24 ജില്ലകളുണ്ട്, പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴെ വരുന്നതുവരെ പ്രാദേശിക നിയന്ത്രണങ്ങൾ അവർ ഉറപ്പാക്കേണ്ടതുണ്ട്. കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് എങ്കിലും അഞ്ച് ശതമാനത്തിൽ താഴെ വരാൻ അത് പ്രധാനമാണ്,” ഭാർഗവ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഡിസംബർ ഒമ്പതിനും 15 നും ഇടയിൽ 24 ജില്ലകളിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ പ്രതിവാര നിരക്കിനേക്കാൾ ഏറെ ഉയർന്നതാണിത്.
കൂടുതൽ പോസിറ്റിവിറ്റി നിരക്കുള്ള തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളുമായി കേരളമാണ് പട്ടികയിൽ ഒന്നാമത്. ഖൗസാൾ, സെർച്ചിപ്പ്, ചമ്പായി, മമിത്, ഹ്നഹ്തിയാൽ, ലുങ്ലെയ്, ഐസ്വാൾ, ലോങ്ട്ലൈ എന്നിവയുമായി മിസോറമാണ് രണ്ടാമത്.
നംസായി, ദിബാംഗ് വാലി (അരുണാചൽ പ്രദേശ്), ലാഹൗൾ & സ്പിതി (ഹിമാചൽ പ്രദേശ്), സുൻഹെബോട്ടോ (നാഗാലാൻഡ്), കൊൽക്കത്ത, സിക്കിം എന്നിവയാണ് മറ്റുള്ളവ.
Also Read: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോണ്; രാജ്യത്ത് നൂറ് കടന്ന് കേസുകള്
പുതിയ പ്രതിദിന കേസുകൾ 10,000 ൽ താഴെയാണെന്നും എന്നാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും അഗർവാൾ പറഞ്ഞു. കഴിഞ്ഞ 74 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (0.59 ശതമാനം) രണ്ട് ശതമാനത്തിൽ താഴെയും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (0.63 ശതമാനം) കഴിഞ്ഞ 33 ദിവസമായി ഒരു ശതമാനത്തിൽ താഴെയുമാണ്.
രാജ്യത്തെ ആകെ സജീവ കേസുകളിൽ 10,000ൽ അധികം കേസുകൾ വീതം കേരളത്തിലും മഹാരാഷ്ട്രയിലും ആണെന്നും മൂന്ന് സംസ്ഥാനങ്ങളിൽ 5,000-10,000 ഇടയിലും 31 സംസ്ഥാനങ്ങളിൽ 5,000ൽ താഴെ സജീവ കേസുകളുണ്ടെന്നും അഗർവാൾ പറഞ്ഞു.
അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ വി.കെ.പോൾ പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന ജില്ലകളിൽ കോൺടാക്റ്റ് ട്രെയ്സിങ്, ക്വാറന്റൈൻ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലസ്റ്ററുകൾ കണ്ടെത്തിയാൽ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ഇത് പുതിയ വകഭേദമാണോയെന്ന് അന്വേഷിക്കേണ്ടതും സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ഉത്തരവാദിത്തമാണെന്നും പോൾ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന്, സമൂഹത്തിലെ എല്ലാവർക്കും ബാധകമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര സമിതി മുന്നോട്ടുള്ള നടപടികൾ തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിൽ നിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നും നിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 84,565 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.