വാഷിങ്‌ടൺ: കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജാഗ്രത തുടരണമെന്ന് ആവർത്തിച്ച് ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. രണ്ട് ദിവസം മുൻപ് 1,36,000 പോസിറ്റീവ് കേസുകളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗനിരക്കായിരുന്നു ഇത്.
“ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളുടെ ജാഗ്രതക്കുറവാണ്. കോവിഡ് മഹാമാരി ലോകമെമ്പാടും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ചില രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശ്വസിക്കാൻ വകയുണ്ട്. ചില രാജ്യങ്ങളിൽ രോഗനിരക്ക് നേരത്തെയുള്ളതിനേക്കാൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പക്ഷേ, കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ അലംഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്ക വർധിപ്പിക്കുന്നു.” ലോകാരോഗ്യസംഘടന പറഞ്ഞു.
Read Also: കോവിഡിൽ സർക്കാരിന് പിഴച്ചുകാണും, പക്ഷെ പ്രതിപക്ഷം എന്തു ചെയ്തു? അമിത് ഷാ
അതേസമയം, ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. അമേരിക്കയിലെ രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപതിനായിരത്തിലേക്ക് അടുക്കുകയാണ്. 1,29,917 പേർ ഇപ്പോഴും ചികിത്സയിലാണ്. കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 7,466 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,987 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 331 പേർ മരിച്ചു.
രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനിടെയാണ് ഇന്ത്യയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. ആളുകൾ പുറത്തിറങ്ങുന്നത് വർധിക്കുന്നതോടെ രോഗവ്യാപനം കൂടുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ.