പൂനെ: ആഗോളതലത്തിൽ കോവിഡ് കേസുകൾ അനുദിനം വർധിക്കുന്നതിനിടെ പ്രതീക്ഷ നൽകുന്ന വാർത്തയുമായി പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ട്. നാലുമാസത്തിനുള്ളിൽ കൊവിഡ് 19ന് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്ന് വാക്സിൻ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടന്റെ മേധാവി പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഓക്സ്ഫോഡ് സർവകലാശാലയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ‌്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായി, സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ ഒക്ടോബറിൽ പ്രതിരോധ വാക്സിൻ പുറത്തിറങ്ങുന്നതെന്നും അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമൻ നമ്പ്യാർ പറയുന്നു.

Read More: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

ഒക്ടോബറോടു കൂടി അമ്പത് മുതൽ അറുപത് ലക്ഷം വരെ വാക്സിൻ നിർമ്മിക്കാമെന്നാണ് ഇൻസ്റ്റിറ്റ‌്യൂട്ട് ഡയറക്ടർ പറയുന്നത്. സാധാരണ ഗതിയിൽ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട്. എന്നാൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നി‌ർമ്മിക്കാനായതെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ട് നൂറ് ദിനങ്ങൾ പിന്നിടുമ്പോളും, രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. മാർച്ച് 25നാണ് രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യത്ത് 600ൽ താഴെ കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ നൂറു ദിനം പിന്നിടുമ്പോൾ രാജ്യത്തെ രോഗികളുടെ എണ്ണം ആറ് ലക്ഷമാകുന്നു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മഹാരാഷ്ട്രയിൽ കോവിഡ് മരണം 8,000 കടന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 3,882 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2,442 പേർക്ക് രോഗം കണ്ടെത്തിയതോടെ ആകെ കേസുകൾ തൊണ്ണൂറായിരത്തിന് അടുത്തെത്തി. കർണാടകത്തിൽ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1272 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook