ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിനെ കോവിഡ്-19 വാക്സിനുകളുടെ അടിയന്തര ഉപയോഗ പട്ടികയിൽ (ഇയുഎൽ-എമർജൻസി യൂസ് ലൈസൻസ്) ഉൾപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന അനുമതി നൽകി.
അടിയന്തര ഉപയോഗം സംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ആറ് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ. കോവിഷീൽഡ്, സ്പുട്നിക് വി എന്നിവയ്ക്കൊപ്പം രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പിനായി കോവാക്സിന് ഉപയോഗിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ഇയുഎല്ലിന് ആവശ്യമായ എല്ലാ രേഖകളും ജൂലൈ ഒമ്പത് മുതൽ ഭാരത് ബയോടെക് സമർപ്പിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അവലോകന പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം ജൂലൈയിൽ രാജ്യസഭയെ അറിയിച്ചിരുന്നു.
അടിയന്തര ഉപയോഗ പട്ടികയിൽ നൽകുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പരിശോധിച്ചുകൊണ്ടിരിക്കുന്ന കോവാക്സിനെക്കുറിച്ച് ഭാരത് ബയോടെക്കിൽ നിന്ന് “ അധിക വിവരങ്ങൾ” പ്രതീക്ഷിക്കുന്നതായി ഒക്ടോബർ 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
വാക്സിൻ നിർമാതാക്കൾക്ക് ആവശ്യമായ ഡേറ്റ എത്ര വേഗത്തിൽ നൽകാൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും അനുമതിയുടെ സമയപരിധിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഫൈസർ-ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, സിനോഫാം, ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക എന്നിവർ വികസിപ്പിച്ച കോവിഡ് വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്.