scorecardresearch
Latest News

കാേവിഡ് വാക്‌സിൻ: ഇന്ത്യ റഷ്യയുമായി ആശയവിനിമയത്തിൽ

റഷ്യ വികസിപ്പിച്ചെടുത്ത ‘സ്‌പുട്‌നിക്-5’ എന്ന കോവിഡ് വാക്‌സിൻ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു

ന്യൂഡൽഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യ-റഷ്യ ആശയവിനിമയം. റഷ്യയുമായി ഇന്ത്യ നിരന്തരം ആശയവിനിമയത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

റഷ്യ വികസിപ്പിച്ചെടുത്ത ‘സ്‌പുട്‌നിക്-5’ എന്ന കോവിഡ് വാക്‌സിൻ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാഥമിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

“രണ്ട് രാജ്യങ്ങളും (ഇന്ത്യയും റഷ്യയും) ആശയവിനിമയത്തിലാണ്. വാക്‌സിനുമായി ചില പ്രാരംഭ വിവരങ്ങൾ പങ്കിട്ടു,” രാജേഷ് ഭൂഷൺ പറഞ്ഞു.

Read Also: രാജ്യത്ത് കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ആശ്വാസവാർത്ത

വാക്‌സിൻ വികസിപ്പിച്ചെടുത്ത റഷ്യൻ മെഡിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ‌്യൂട്ടുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമർ പുടിൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

അതേസമയം, 2020 അവസാനത്തോടെ രാജ്യത്ത് കോവിഡ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. “കാര്യങ്ങൾ വളരെ നന്നായി പുരോഗമിക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ ഇന്ത്യയ്‌ക്ക് കോവിഡ് വാക്‌സിൻ ലഭിക്കും,” ഹർഷ് വർധനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“മൂന്ന് കാൻഡിഡേറ്റുകൾ ഇന്ത്യയുടെ കോവിഡ് വാക്‌സിൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. രണ്ട് തദ്ദേശീയ കാൻഡിഡേറ്റുകളുടെ കോവിഡ് വാക്‌സിൻ വികസനം ഒന്നാം ഘട്ട മനുഷ്യപരീക്ഷണം പൂർത്തിയാക്കി, ഇപ്പോൾ പരീക്ഷണങ്ങൾ രണ്ടാം ഘട്ടത്തിലാണ്,” ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ.ബൽറാം ഭാർഗവ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 vaccine updates india russia relation