ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അസ്ട്രാ സെനെകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന് കുരങ്ങന്‍മാരിലെ കൊറോണ വൈറസ് ബാധയെ തടയാന്‍ കഴിഞ്ഞുവെന്ന് പഠനം. നേച്ചര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച വാക്‌സിനും സമാനമായ ഫലം ലഭിച്ചുവെന്ന് ഇതേ ജേണലിലെ മറ്റൊരു പഠനം പറയുന്നു.

രണ്ട് വാക്‌സിനുകളുടേയും പഠനത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ നേച്ചര്‍ മാസികയിലും വെവ്വേറ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു വാക്‌സിനുകളും മനുഷ്യരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. അതേസമയം, ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്.

യുഎസിലെ ബയോടെക് സ്ഥാപനമായ മൊഡേണാ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച വാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ കണ്ടെത്തലുകളും രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. പ്രതീക്ഷ നല്‍കുന്ന ഫലമാണ് കുരങ്ങന്‍മാരില്‍നിന്നു ലഭിച്ചതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് മൊഡേണ ഇപ്പോള്‍.

Read in English: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

മനുഷ്യരിലെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണ ഫലങ്ങളും ഓക്‌സ്‌ഫോര്‍ഡും മൊഡേണയും പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണത്തിൽ സംതൃപ്തി നല്‍കുന്നതാണ് രണ്ട് വാക്‌സിനുകളും.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഏതാനും മാസങ്ങള്‍ നീളും. അടുത്ത വര്‍ഷാരംഭത്തില്‍ തന്നെ വാക്‌സിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. ചിലപ്പോഴത് ഈ വര്‍ഷം അവസാനം എത്തിയേക്കും.

മോസ്‌കോയിലെ ഒരു ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്ന വാക്‌സിന് അടുത്ത മാസം പകുതിയോടെ അനുമതി നല്‍കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സെപ്തംബറോടെ പൊതുജനങ്ങള്‍ക്ക് റഷ്യന്‍ വാക്‌സിന്‍ ലഭ്യമായേക്കും. ഈ റഷ്യന്‍ വാക്‌സിന്‍ ഇപ്പോഴും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. എന്നാല്‍, രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ നിബന്ധനയോടെ അനുമതി നൽകുമെന്നാണ് സൂചന. പൊതുജനങ്ങള്‍ക്ക് ലഭ്യാക്കിയാലും മൂന്നാം ഘട്ട പരീക്ഷണം തുടരും.

വാക്‌സിനില്‍നിന്നു ലാഭമെടുക്കാന്‍ ലക്ഷ്യമിട്ട് മൊഡേണ

നാല് കമ്പനികളാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. മൊഡേണ, അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫെെസര്‍ എന്നിവ. മൊഡേണ ഒഴിച്ചുള്ള മൂന്ന് കമ്പനികളും വാക്‌സിനില്‍ നിന്നു ലാഭമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഒരു ഹിയറിങില്‍ പറഞ്ഞു.

വാക്‌സിന്‍ നിര്‍മിക്കാന്‍ ചെലവായ തുകയ്ക്കല്ല വാക്‌സിന്‍ കമ്പനി വില്‍ക്കുന്നതെന്ന് മൊഡേണയുടെ പ്രസിഡന്റ് ഡോ സ്റ്റീഫന്‍ ഹോഗ് പറഞ്ഞു.

നാല് കമ്പനികളും തങ്ങളുടെ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുകയാണ്. വാക്‌സിന്‍ ജനങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അതുകൊണ്ട് അര്‍ത്ഥമില്ലെന്ന് ഫൈസറിന്റെ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ 2021 തുടക്കത്തില്‍ വാക്‌സിന്‍ തയ്യാറാകുമെന്ന് കമ്പനികള്‍ യുഎസ് നിയമനിര്‍മ്മാതാക്കളോട് പറഞ്ഞു.

ലോകത്തെ മുന്‍ നിര വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യയുടെ സ്വകാര്യ മേഖലയാണ് ഏതൊരു വാക്‌സിന്റെ വിജയത്തിന്റെയും താക്കോലെന്ന് ഡോ ആന്റണി ഫൗസി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ദ്ധനാണ് അദ്ദേഹം.

യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായ ഫൗസി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഓണ്‍ലൈന്‍ സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു.

ഓര്‍ക്കേണ്ട കാര്യങ്ങൾ

  • ഇരുപത്തി അഞ്ചോളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു വരികയാണ്
  • അഞ്ചെണ്ണം മൂന്നാം ഘട്ടത്തില്‍
  • 139 വാക്‌സിനുകള്‍ പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍
  • രണ്ട് ഇന്ത്യന്‍ വാക്‌സിനുകള്‍ ഒന്നാം ഘട്ട പരീക്ഷണത്തില്‍
  • പരിമിതമായി ഉപയോഗിക്കാന്‍ ഒരു ചൈനീസ് വാക്‌സിന് അനുമതി ലഭിച്ചു. സൈനികരിലാണ് ഉപയോഗിക്കുന്നത്.
  • ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനേക, മൊഡേണ, ഫിസര്‍, റഷ്യയുടെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്.

Read in English: Covid-19 vaccine tracker, July 31: Oxford, Johnson & Johnson vaccines prevent infection in monkeys

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook