/indian-express-malayalam/media/media_files/uploads/2020/09/vaccine.jpg)
Coronavirus (COVID-19) Vaccine Tracker: ആഗോളതലത്തിൽ നിരവധി കമ്പനികളാണ് കോവിഡ് വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. പലതിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. അമേരിക്കയിലെ ഭീമൻ ഫാർമസ്യൂട്ടിക്കൾ കമ്പനിയായ ഫൈസറും(Pfizer) വാക്സിൻ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. വാക്‌സിൻ ശരിക്കും ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് കൊറോണ വൈറസ് വാക്‌സിനായി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് ഫൈസർ അറിയിച്ചു. അടുത്ത മാസം അവസാനത്തോടെ ഇത് സംഭവിക്കുമെന്ന് കമ്പനി അറിയിച്ചു. അതിനുശേഷം അടിയന്തര ലൈസൻസിന് അപേക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജർമ്മൻ കമ്പനിയായ ബയോ എൻടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഫൈസറിന്റെ വാക്സിൻ നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. സ്റ്റേജ് -3 ട്രയലുകൾക്കായി 23,000 ത്തോളം പേരാണ് സന്നദ്ധരായി എത്തിയിട്ടുള്ളത്. അവരിൽ പലർക്കും രണ്ടാം ഘട്ടത്തിലെ ഡോസ് നൽകിയതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബോർല പറഞ്ഞു. വാക്സിനേഷൻ സന്നദ്ധപ്രവർത്തകർക്ക് എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന് ഒക്ടോബറോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രാപ്തി മികച്ചതാണെങ്കിൽ, അടിയന്തിര ഉപയോഗ അംഗീകാരത്തിനായി കമ്പനി ഉടൻ അപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: Covid-19 vaccine tracker, September 3: യുഎസിന്റെ കോവിഡ് വാക്സിൻ നവംബർ തുടക്കത്തിൽ
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെങ്കിലും കൊറോണ വൈറസ് വാക്സിനുകൾക്കായുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനുള്ള അപേക്ഷകൾ പരിഗണിക്കാൻ സാധിക്കുമെന്ന് യുഎസ് ഡ്രഗ് റെഗുലേറ്ററായ എഫ്ഡിഎ സൂചിപ്പിച്ചു. അടിയന്തിര അനുമതി തേടാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി പ്രസ്താവിക്കുന്ന ആദ്യത്തെ വാക്സിൻ നിർമാതാക്കളാണ് ആണ് ഫൈസർ.
കൊറോണ വൈറസ് വാക്‌സിൻ വികസിപ്പിക്കാനുള്ള കമ്പനികളുടെ മത്സരത്തെ ഫൈസറിന്റെ ഈ പ്രസ്താവന കൂടുതൽ ചൂടുപിടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെ വാക്സിൻ ലഭ്യമാകുമെന്ന് പല കമ്പനികളും കഴിഞ്ഞദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിനുമുമ്പ് അടുത്ത വർഷം തുടക്കത്തിൽ വാക്സിൻ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വാക്സിൻ നിർമാണം കൂടുതൽ വേഗത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കും. വാക്സിൻ ഈ വർഷം തന്നെ ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി എഫ്‌ഡിഎ, വാക്സിൻ അംഗീകാര പ്രക്രിയയിൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും ജനസമ്മതി തേടുന്നുണ്ട്. അതിനുമുമ്പ് കൊറോണ വൈറസ് വാക്സിൻ ലഭ്യമാക്കുന്നത് അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചേക്കും.
Read in English: Covid-19 vaccine tracker, Sept 4: Pfizer steps up the heat, says will know about effectiveness of its shot by October
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.