Covid-19 vaccine tracker, Sept 10: ഓക്സ്ഫോർഡ്- ആസ്ട്രസെനെകയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിനിടെ വാക്സിന് കുത്തിവെച്ച വോളണ്ടിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധമായ അസുഖമെന്ന് റിപ്പോർട്ട്. അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാൻവേഴ്സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനി നിക്ഷേപകരുമായി നടത്തിയ സ്വകാര്യ കോൺഫറൻസ് കോളിനിടെയാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ആസ്ട്രസെനെക സിഇഒ പാസ്കൽ സോറിയറ്റ് പുറത്തുവിട്ടത്. സ്ത്രീക്ക് ട്രാൻവേഴ്സ് മൈലൈറ്റിസ് എന്ന അപൂർവ രോഗത്തിൻറെ ലക്ഷണങ്ങളുണ്ടെന്ന് സിഇഒ നിക്ഷേപകരെ അറിയിച്ചു. അവരുടെ നില മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും സിഇഒ വ്യക്തമാക്കി.
Read More: ഓക്സ്ഫോർഡ് വാക്സിൻ: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ്
പരീക്ഷണ വിധേയയായ സ്ത്രീയ്ക്ക് നൽകിയത് യഥാർഥ വാക്സിൻ തന്നെയാണെന്നും ഡമ്മിയല്ലെന്നും സിഇഒ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് യഥാർഥ വാക്സിനോ അല്ലെങ്കിൽ അതിന്റെ ഡമ്മിയോ ആണ് നൽകുക. എന്നാൽ എന്താണ് അവർക്ക് നൽകിയതെന്ന് പരീക്ഷണവിധേയർ അറിയില്ല. പിന്നീട് അവർ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകും. തുടർന്ന് ഇവരെ നിരീക്ഷിക്കുകയും യഥാർഥ വാക്സിൻ നൽകിയവർക്കാണോ മറ്റേ ഗ്രൂപ്പിനാണോ രോഗത്തെ പ്രതിരോധിക്കാനായതെന്ന് തിരിച്ചറിയുകയും ചെയ്യും.
നേരത്തേ മറ്റൊരു രോഗിക്കും ഇത്തരത്തിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഇതേ തുടർന്ന് ജൂലൈയിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരുന്നെന്നും സോറിയറ്റ് പറഞ്ഞു.
ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് മരുന്നിന്റെ ആഗോള പരീക്ഷണം നിര്ത്തിവെക്കുതായി ആസ്ട്രസെനെക അറിയിച്ചത്. രോഗിക്ക് പിന്നീട് മൾട്ടിപ്പിൾ സ്ക്ലറോസസ് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇതിന് വാക്സിനുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ.
മരുന്നുകളുടെയും വാക്സിനുകളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇതുപോലുള്ള സംഭവങ്ങൾ വളരെ സാധാരണമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡസൻ കണക്കിന് കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണിത്.
മറ്റ് രാജ്യങ്ങൾ നിർത്തിവച്ചിട്ടും എന്തുകൊണ്ടാണ് പരീക്ഷണങ്ങളുമായി മുന്നേറുന്നതെന്നും യുഎസിലെ രോഗിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അയയ്ക്കാത്തതെന്താണെന്നും ചോദിച്ച് ഡ്രഗ്സ് റെഗുലേറ്റർ ജനറൽ ഓഫ് ഇന്ത്യ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
അമേരിക്കയില്‍ മരുന്നു പരീക്ഷണം നിര്‍ത്തിയത് താത്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമാണ് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലപാടെടുത്തിരുന്നത്. ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ടുപോകുമെന്നാണ് അവര്‍ വ്യക്തമാക്കിയിരുന്നത്.
Read in English: Covid-19 vaccine tracker, Sept 10: AstraZeneca trial paused after volunteer developed neurological symptoms