Covid-19 Vaccine: പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാത്ത കോവിഡ്-19 വാക്സിന് അനുമതി നല്‍കിയതിന് റഷ്യ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കേ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സിന് ചൈന ജനങ്ങളില്‍ കുത്തിവച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന വാക്സിനാണ് മനുഷ്യരില്‍ കുത്തിവയ്ക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ സിനോഫാം ആണ് വാക്സിന് വികസിപ്പിക്കുന്നത്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ജൂലൈ 22 മുതലാണ് ചൈനയില്‍ നല്കി തുടങ്ങിയതെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ചൈനയിലെ കൊറോണവൈറസ് വാക്സിന് വികസിപ്പിക്കുന്ന പദ്ധതിയുടെ ചുമതലയുള്ള ഷെങ് സോങ്വീ ദേശീയ ചാനലിനോട് സംസാരിക്കുമ്പോഴാണ് ജൂലൈ 22 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് നല്കി തുടങ്ങിയത് സമ്മതിച്ചതെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നല്‍കും.
ശിശിരത്തിനും തണുപ്പ് കാലത്തും രോഗ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിനായി വാക്സിനേഷന് പദ്ധതി വിപുലപ്പെടുത്തുന്നത് പരിഗണിക്കുന്നതായി സോങ്വീ പറഞ്ഞു. ജനങ്ങളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: Covid-19 Vaccine: പ്രതീക്ഷ നല്കി പരീക്ഷണ ഫലം; ഫൈസര്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ക്ക് നല്കാന് അനുമതി ലഭിച്ച വാക്സിനില്‍ നിന്നും വ്യത്യസ്തമാണ് ഈ വാക്സിന്. മിലിട്ടറി മെഡിക്കല്‍ സയന്‍സസ് അക്കാദമിയുടെ സഹകരണത്തോടെ ബി കാന്‍സിനോ ബയോളോജിക്സ് ആണ് ആ വാക്സിന് നിര്‍മ്മിച്ചതും പരിമിതമായ ഉപയോഗത്തിന് ജൂണ്‍ അവസാന വാരം അനുമതി നല്കിയതും. ആ വാക്സിന് എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയന്ന വിവരം ലഭ്യമല്ല.
അതിനാല്‍, സിനോഫോം വാക്സിനാണ് പ്രത്യേക പരിഗണന അര്ഹിക്കുന്നവര്ക്കാണെങ്കിലും പൊതുജനങ്ങള്‍ക്ക് നല്കാന് അനുമതി ലഭിച്ച ആദ്യ വാക്സിന്.
അതേസമയം, നവംബര്‍ മൂന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊറോണവൈറസ് വാക്സിന് ജനങ്ങള്‍ക്ക് നല്‍കുന്നതിന് അടിയന്തര അനുമതി ലഭിക്കുന്നതിന് യുഎസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അസ്ട്രാസെനെക പറഞ്ഞു. അസ്ട്രാസെനെകയുടെ വാക്സിന് അടിയന്തരമായി ഉപയോഗിക്കുന്നതിന് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം അനുമതി നല്‍കുമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read in English: Covid-19 vaccine tracker, August 25: China has reportedly started vaccinating its people