Covid-19 Vaccine Tracker: ആഗോളതലത്തിൽ നിരവധി രാജ്യങ്ങളും വലിയ മരുന്നുകമ്പനികളുമാണ് കൊറോണ വൈറസിന് വാക്സിൻ നിർമിക്കുന്നത്. ഇതിൽ പലതും വലിയ വാർത്തകളാകുന്നു, അത് മനുഷ്യർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ വാർത്തകളിൽ അധികം ഇടം നേടാത്ത രാജ്യങ്ങളിലും കൊറോണ വൈറസ് വാക്സിൻ നിർമാണത്തിലാണ്.

മനുഷ്യ ശരീരത്തിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിച്ചിട്ടുള്ള മറ്റു ചില രാജ്യങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല. ക്യൂബ അടക്കമുള്ള​ രാജ്യങ്ങൾ പരീക്ഷണവുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ക്യൂബ: ഹവാനയിലെ സർക്കാർ നടത്തുന്ന ഫിൻലെ വാക്സിൻ ഇൻസ്റ്റിറ്റ‌്യൂട്ടിന് സോബെരാന 01 എന്ന വാക്‌സിൻ മനുഷ്യ ശരീരത്തിൽ പരീക്ഷണം ആരംഭിക്കാൻ അനുമതി ലഭിച്ചു. 600ലധികം ആളുകളിൽ വാക്സിൻ പരീക്ഷിക്കാൻ സാധ്യതയുണ്ട്. 2021 ഫെബ്രുവരിയിൽ മാത്രമേ പരീക്ഷണ ഫലങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങൾക്ക് മാത്രമാണോ അതോ മൂന്നാം ഘട്ട പരീക്ഷണത്തിനും അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. റഷ്യൻ വാക്സിൻ സ്പുട്നിക്-അഞ്ച് വൻതോതിൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും ക്യൂബ എന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: രാജ്യത്ത് കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ആശ്വാസവാർത്ത

തായ്‌വാൻ: പരീക്ഷണാത്മക വാക്‌സിനുകളുടെ മനുഷ്യ പരീക്ഷണങ്ങൾ ആരംഭിക്കുന്ന തായ്‌വാനിലെ ആദ്യത്തെ കമ്പനിയായി അഡിമ്യൂൺ കോർപ്പ് മാറി. നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഒന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 60 ഓളം വോളന്റിയർമാർക്ക് വാക്സിൻ കുത്തിവയ്ക്കാൻ സാധ്യതയുണ്ട്.

ഉത്തര കൊറിയ: തങ്ങൾ കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്മ്യൂണിസ്റ്റ് രാജ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തു നിന്ന് പരിശോധിച്ചുറപ്പിക്കാവുന്ന കൂടുതൽ വിവരങ്ങൾ​ പുറത്തുവരാത്ത സാഹചര്യത്തിൽ, ഈ വാക്സിനെക്കുറിച്ച് കൂടുതൽ അറിവില്ല.

കൂടാതെ, ജർമ്മൻ കമ്പനിയായ കുറെവാക് വികസിപ്പിച്ചെടുക്കുന്ന വാക്സിനും ലോകത്തിന്റെ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. ഒന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയ വാക്സിൻ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണങ്ങളിലേക്ക് കടന്നു. നാസ്ഡാക്കിൽ ഇതിന് ഒരു ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്ങാണ് നടന്നിരിക്കുന്നത്. ഈ വാക്സിൻ കുറഞ്ഞത് 225 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കുന്ന കാര്യം യൂറോപ്യൻ യൂണിയൻ കമ്പനിയുമായി ചർച്ച നടത്തുന്നു.

ഇവ കൂടാതെ മറ്റ് പല രാജ്യങ്ങളും കൊറോണവൈറസ് വാക്സിൻ നിർമിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവയിൽ പലതും നിലവിൽ മൃഗങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. അര ഡസനിലധികം വ്യത്യസ്ത വാക്സിനുകൾ തുർക്കി വികസിപ്പിക്കുന്നുണ്ട്. തായ്‌ലൻഡ്, ഈജിപ്ത്, നൈജീരിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഒന്നിലധികം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Read in English: Covid-19 vaccine tracker, August 23: Candidates in Cuba, North Korea, Taiwan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook