കോവിഡ് -19 വാക്സിനുകൾ വളരെ പ്രായമായവർക്കും മാരകമായ രോഗബാധയുള്ളവർക്കും നൽകുന്നത് അപകടകരമെന്ന് മുന്നറിയിപ്പ് നൽകി നോർവേ. ഒരു യൂറോപ്യൻ ആരോഗ്യ അധികൃതരിൽനിന്ന് വാക്സിൻ വിതരണം ചെയ്ത ശേഷമുള്ള അനുഭവങ്ങൾ വിലയിരുത്തി വരുന്ന ആദ്യ മുന്നറിയിപ്പാണിത്.

വാക്‌സിനിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 പേർ രാജ്യത്ത് മരണമടഞ്ഞതായി നോർവീജിയൻ അധികൃതർ അറിയിച്ചിരുന്നു. മരിച്ചവരിൽ 13 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. സാധാരണ പാർശ്വഫലങ്ങൾ ദുർബലരായവരിലും പ്രായമായവരിലും കടുത്ത പ്രതികൂല പ്രതികരണത്തിന് കാരണമായിരിക്കാമെന്ന് നോർവീജിയൻ മെഡിസിൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. “ഏറ്റവും കടുത്ത ബലഹീനതകളുള്ളവർക്ക്, താരതമ്യേന നേരിയ വാക്സിൻ പാർശ്വഫലങ്ങൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Read More: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം

ചെറുപ്പക്കാരും ആരോഗ്യമുള്ള ആളുകളും വാക്സിനേഷൻ ഒഴിവാക്കണമെന്ന് ഇത് അർത്ഥമാക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വാക്സിനുകളെക്കുറിച്ച് രാജ്യങ്ങൾ സുരക്ഷാ നിരീക്ഷണ റിപ്പോർട്ടുകൾ നൽകാൻ തുടങ്ങുന്ന സമയത്ത് നോർവേയുടെ ഈ നടപടി നിർണായകമായി വിലയിരുത്തപ്പെടുന്നു.

കോവിഡ് വാക്സിനുകളുടെ പ്രത്യേകിച്ച് എംആർഎൻഎ വാക്സിനുകളുടെ സുരക്ഷ പരിശോധിക്കലാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികലിലൊന്നെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മേധാവി എമർ കുക്ക് പറഞ്ഞു.

നോർവേയിലെ മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് രാജ്യത്തെ ഡ്രഗ് റെഗുലേറ്ററുമായി ഫൈസറും ബയോൻടെക്കും സഹകരിക്കുന്നുണ്ടെന്ന് മരുന്നുനിർമാതാക്കളായ ഫൈസർ ഒരു ഇ-മെയിൽ പ്രസ്താവനയിൽ പറഞ്ഞു.

Read More: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം

യു‌എസിൽ‌, ഫൈസർ‌-ബയോ‌ൻടെക് വാക്സിൻറെ 1.9 ദശലക്ഷം പ്രാരംഭ ഡോസുകൾ‌ നൽ‌കിയതിന്‌ ശേഷം ഡിസംബർ 14 മുതൽ 23 വരെ 21 പേർക്ക് ഗുരുതരമായ അലർ‌ജിയുണ്ടായതായി അധികൃതർ റിപ്പോർ‌ട്ടുചെയ്‌തിരുന്നു. ഇത് ഒരു ദശലക്ഷം ഡോസിന് 11.1 കേസുകൾ എന്ന നിരക്കിലാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook