കോവിഡ് -19 വാക്‌സിൻ ഉടൻ പുറത്തിറക്കാൻ സാധിച്ചേക്കുമെന്ന് സൂചന. വാക്‌സിൻ പരീക്ഷണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, യുഎസ് കമ്പനിയായ ഫെെസർ കോവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിൻ പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് ഇപ്പോൾ ഫെെസർ അവകാശപ്പെടുന്നത്.
വാക്സിനിന്റെ ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട ഒടുവിൽ ലഭിച്ച ഫലങ്ങൾ 95% ഫലപ്രദമാണെന്ന് ഫെെസർ പറഞ്ഞു. ഇതിന് ആവശ്യമായ രണ്ട് മാസത്തെ സുരക്ഷാ ഡാറ്റയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ യുഎസ് സർക്കാരിന്റെ അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്‌ത ജനവിഭാഗങ്ങളിലും വാക്‌സിൻ ഫലപ്രാപ്‌തി കാണിക്കുന്നുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ നിർമാതാക്കൾ അവകാശപ്പെട്ടു. കോവിഡ് ബാധിതരിൽ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ 94 ശതമാനവും സ്ഥിരത പുലർത്തുന്നുണ്ടെന്നാണ് ഫൈസർ പറയുന്നത്.
ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ ഒരാഴ്‌ച മുൻപ് അറിയിച്ചത്. നിലവിൽ പരീക്ഷണങ്ങൾ നടത്തിവരുന്ന വാക്‌സിനുകളിൽ ഏറ്റവും വേഗത്തിൽ വിജയം കാണാൻ സാധ്യതയുള്ളത് ഫൈസറിന്റേതാണ്.
“ഇന്ന് ശാസ്ത്രത്തിനും മാനവികതയ്ക്കും ഏറെ നല്ലൊരു ദിവസമാണ്,” ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗള പ്രസ്‌താവനയിൽ പറഞ്ഞു. “കോവിഡ് നിരക്ക് ദിനംപ്രതി കുതിച്ചുയരുന്നു, ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു, സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു.., ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഞങ്ങളുടെ വാക്‌സിൻ വികസന പരിപാടി നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്,”ആൽബർട്ട് ബൗള പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസര്‍. റെക്കോര്‍ഡ് വേഗത്തിലാണ് അവരുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള നാലെണ്ണമടക്കം 11 കോവിഡ് 19 വാക്‌സിനുകളാണ് നിലവില്‍ അവസാനഘട്ട പരീക്ഷണത്തിലുള്ളത്.
അതേസമയം, ഫൈസറിന് പിന്നാലെ കോവിഡ് വാക്‌സിൻ ഫലപ്രാപ്‌തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനായി തങ്ങൾ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.