ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്‌സിനുകള്‍ എല്ലാം പ്രതീക്ഷ നല്‍കുന്ന ഫലം ലഭിച്ചതിനാല്‍ നേരത്തെ കരുതിയതിലും വേഗത്തില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെയും മോഡേണ ഇന്‍കിന്റേയും വാക്‌സിനുകള്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ച വന്നിരുന്നു.

അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ പങ്കുവയ്ക്കുന്നത്. അനവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. സുരക്ഷയുടേയും രോഗപ്രതിരോധ സൃഷ്ടിക്കുന്നതിന്റേയും കാര്യത്തില്‍ ഇതുവരെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഒരു ഡോസ് വാക്‌സിന് പകരം രണ്ട് ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും.

Read Also: തുടർച്ചയായ രണ്ടാം ദിവസവും ആയിരം കടന്ന് രോഗികളുടെ എണ്ണം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്, 5 മരണം

നിലവില്‍ 150-ല്‍ അധികം വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. അവയില്‍ രണ്ട് ഡസനോളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു.

ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനേകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരില്‍ ഇരട്ട പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെന്‍കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയോട്ട് പറഞ്ഞു.

വാക്‌സിന്റെ ഒറ്റ ഡോസ് ആദ്യ 28 ദിവസത്തിനിടെ ആന്റിബോഡിയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. യുകെ, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുന്നു.

ഓഗസ്‌റ്റോടെ ഈ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. വാക്‌സിന്‍ നവംബര്‍ തുടക്കത്തില്‍ വിപണയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

ഇന്ത്യയില്‍ 1000 രൂപയുടെ താഴെയാകും കോവിഷീല്‍ഡിന്റെ ചെലവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം 12 ഇടത്ത് പുരോഗമിക്കുകയാണ്. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന വാക്‌സിന്‍ ശനിയാഴ്ച്ച ഡല്‍ഹി എയിംസില്‍ ആദ്യ സംഘം വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന നടക്കുകയാണ്. പത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സഞ്ജയ് റായ് പറഞ്ഞു.

അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്റേയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇവ കൂടാതെ, പനേഷ്യ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളോജിക്കല്‍സ്, മൈന്‍വാക്‌സ്, ബയോളോജിക്കല്‍ ഇ എന്നീ സ്ഥാപനങ്ങളും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

Read in English: Covid-19 Vaccine Latest Update: Oxford’s Covishield in India by year end

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook