ന്യൂഡല്‍ഹി: പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്ക്കും കോവിഡ് -19 വാക്സിന് കരുതല്‍ ഡോസ്. ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ കരുതല്‍ ഡോസ് ലഭ്യമാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
”18 വയസ് പൂര്‍ത്തിയായതും രണ്ടാമത്തെ ഡോസ് ലഭിച്ച് ഒന്‍പതു മാസം തികഞ്ഞവര്‍ക്കും സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍നിന്നു മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ട്,” മന്ത്രാലയം അറിയിച്ചു.
മുന്‍ഗണനാ വിഭാഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണു നിലവില്‍ മൂന്നാം ഡോസ് നല്‍കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 2.4 കോടിയിലധികം മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നടക്കുന്ന സൗജന്യ വാക്സിനേഷന് പദ്ധതി മുഖേനെ യോഗ്യരായവര്‍ക്ക് ഒന്നും രണ്ടും ഡോസ് വാക്സിനുകള്‍ നല്‍കുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര് (60 വയസിനു മുകളിലുള്ളവര്‍) എന്നിവര്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കുകയും ചെയ്യുന്നതു തുടരുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്നലെ രാവിലെ ഏഴു വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്ത് 185.20 കോടി (1,85,20,72,469) ഡോസ് വാക്സിനാണ് നൽകിയത് . 2,23,20,478 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. മാർച്ച് 16ന് ആരംഭിച്ച 12 -14 വയസുകാർക്കുള്ള കുത്തിവയ്പ് 2.04 കോടി (2,04,40,247) പിന്നിട്ടു.
കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 186.36 കോടിയിലേറെ (1,86,36,02,425) വാക്സിൻ ഡോസുകളാണ് ഇന്നലെ രാവിലെ വരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയത്.