ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ വിതരണത്തിന് ഏതാനും ആഴ്ചകൾ ശേഷിക്കെ, ജനങ്ങൾക്ക് സൗകര്യപ്രദമായ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. 50 വയസിനും അതിനു മുകളിലുളളവർക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്ക് കോ-വിൻ ആപ്പിലൂടെ വാക്സിൻ സ്വീകരിക്കാനുളള തീയതിയും സ്ഥലവും സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. മാത്രമല്ല, അവരുടെ പ്രായം ആപ്പിൽ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.

അടുത്ത ഘട്ട വാക്സിനേഷനായി അന്തിമ ബ്ലൂപ്രിന്റിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന നിർദേശങ്ങളിൽ ഇവയും ഉൾപ്പെടുന്നു. ബുധനാഴ്ച വാക്സിൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ.മിശ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബ, കേന്ദ്രആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

രാജ്യത്തെ 50 വയസിനു മുകളിൽ വരുന്ന 27 കോടി ജനങ്ങൾക്ക് സ്വയം രജിസ്ട്രേഷന് ഉപകാരപ്പെടുന്ന കോ-വിൻ ആപ്പിന്റെ 2.0 വെർഷനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതായി ഉന്നത സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”കോ-വിൻ 2.0 ഒരു ഹൈബ്രിഡ് മോഡലാണ്. ആളുകൾക്ക് സ്വയം രജിസ്റ്റർ ചെയ്യുന്നതിനും പ്രോഗ്രാം മാനേജർമാർക്ക് തിരഞ്ഞെടുപ്പ് ഡാറ്റ ഉപയോഗിക്കാനും ഇതിലൂടെ കഴിയും,” വൃത്തങ്ങൾ പറഞ്ഞു. ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ തീയതിയും സ്ഥവും തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനാണ് ആപ്പിലെ പ്രധാന ഫീച്ചറെന്നും വൃത്തങ്ങൾ പറഞ്ഞു.

Read More: ഇന്ത്യയിൽ കോവിഡ്-19 ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കണ്ടെത്തിയത് എത്രത്തോളം ആശങ്കാജനകമാണ്

”വാക്സിനേഷൻ കേന്ദ്രങ്ങളെല്ലാം കോ-വിൻ സിസ്റ്റത്തിൽ ജി‌പി‌എസ്-കോർഡിനേറ്റ് വഴി ബന്ധിപ്പിച്ചിരിക്കും. ഒരാൾ ലോഗിൻ ചെയ്യുമ്പോൾ തന്നെ അയാളുടെ അടുത്തുളള വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് അറിയാൻ സാധിക്കും. അത് പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ആശുപത്രിയാണോയെന്ന് കാണാനും ഇഷ്ടമുളള ഇടം സ്വയം തിരഞ്ഞെടുക്കാനും കഴിയു”മെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ”ഗുണഭോക്താവിന് അവരുടെ താമസസ്ഥലത്തിനടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ കുത്തിവയ്പ് എടുക്കണോ അതോ മെച്ചപ്പെട്ട സ്ഥലമാണെന്ന് ഗുണഭോക്താവ് കരുതുന്നിടത്തേക്ക് യാത്ര ചെയ്യണോയെന്ന് വിളിച്ചു ചോദിക്കാം. ഇഷ്ടമുളള തീയതി ഗുണഭോക്താവിന് തിരഞ്ഞെടുക്കാനുളള സൗകര്യവുമുണ്ട്. ആ പ്രത്യേക ദിവസത്തിലെ ലഭ്യമായ സമയം ഏതാണെന്ന് ആപ്പിലൂടെ അറിയാം.”

”ആപ്പിലൂടെ ഗുണഭോക്താവിന് വയസ് മാറ്റിക്കൊടുക്കാനും കഴിയും. അവസാന വോട്ടർ പട്ടികയിൽ ഗുണഭോക്താവിന്റെ പ്രായം 49 ആയിരിക്കുകയും, ഇപ്പോൾ 50 വയസ് ആകുകയും ചെയ്താൽ അയാൾക്ക് വാക്സിനേഷന് അർഹതയുണ്ട്. കോ-വിൻ 2.0 ലൂടെ ഗുണഭോക്താവിന്റെ വയസ് പരിശോധിക്കാനായി ജില്ലാ ഭരണകൂടത്തിന് വോട്ടർ പട്ടിക എടുക്കാനാവും. സംസ്ഥാന സർക്കാരുകൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും അതിന്റെ വിവരങ്ങൾ ആപ്പിന്റെ അപ്ഡേറ്റഡ് വെർഷനിൽ ഉൾപ്പെടുത്താനും കഴിയും,” വൃത്തങ്ങൾ അറിയിച്ചു.

”അടുത്ത വാക്സിനേഷൻ ഘട്ടത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം നാലോ അഞ്ചോ ഇരട്ടി വർധിപ്പിക്കുമെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ 8,000 മുതൽ 10,000 വരെയുളള കേന്ദ്രങ്ങളിൽ ദിവസവും വാക്സിനേഷൻ നൽകുന്നുണ്ട്. ഇത് 40,000-50,000 വരെ കൂട്ടാനാണ് ഉദ്ദേശ്യം. നിലവിൽ 2,000-ഓളം സ്വകാര്യ ആശുപത്രികൾ മാത്രമാണ് വാക്സിനേഷൻ കേന്ദ്രങ്ങളുളളത്. ആയുഷ്മാൻ ഭാരതിന്റെ കീഴിൽ 12,000 സ്വകാര്യ ആശുപത്രികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം തന്നെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സജ്ജരാണ്. സംസ്ഥാനങ്ങൾക്ക് പിഎംജെഎവൈയുടെ ഭാഗമല്ലാത്ത മറ്റ് വലിയ സ്വകാര്യ ആശുപത്രികളെ കൂടി ഇതിൽ സംയോജിപ്പിക്കാൻ കഴിയും, വൃത്തങ്ങൾ പറഞ്ഞു.

Read in English: Those above 50 can use Covid app to self-register, choose vaccination site

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook