വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ചാണ് ഒബാമ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ട്രംപ് ഭരണകൂടം അവലംബിച്ച രീതികളെ സമ്പൂർണ ദുരന്തമെന്ന് ഒബാമ വിശേഷിപ്പിച്ചു. തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമ ട്രംപിനെതിരെ വിമർശനമുന്നയിച്ചത്.
Read Also: ഓപറേഷൻ സമുദ്രസേതു: ഐഎൻഎസ് ജലാശ്വ തീരമണഞ്ഞു
മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, വ്യക്തിപരമായി എനിക്കെന്ത് നേട്ടം ലഭിക്കും എന്നുമാത്രമാണ് ട്രംപ് ആലോചിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തി. വെബ് കോളിന്റെ ഓഡിയോ പുറത്തുവന്നതോടെയാണ് ഒബാമയുടെ വിമർശനം പരസ്യമായത്. യാഹൂ ന്യൂസാണ് വെബ് കോൾ സംഭാഷണം പുറത്തുവിട്ടത്. ഇത്തരത്തിലൊരു പ്രതിസന്ധി വരുമ്പോൾ അതിനെ നേരിടാൻ മികച്ച ഭരണകൂടം വേണമെന്ന് ഒബാമ പറഞ്ഞു.
“നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി വിട്ടുകൊടുക്കുകയാണ് ട്രംപ് ചെയ്തത്. മികച്ച ഭരണകൂടത്തിന്റെ അഭാവമാണ് ഇപ്പോൾ ഉള്ളത്,” ഒബാമ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ച നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് പ്രതികൂലമാകുമെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബെെഡന്റെ പ്രചാരണത്തിനു എല്ലാവരുടെയും സഹകരണം ഉറപ്പിക്കണമെന്നും ട്രംപ് വെബ് കോളിൽ ആവശ്യപ്പെട്ടു.
Read Also: വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ വിവരം അറിയും; ലിജുവിനോട് അൻവർ
അമേരിക്കയിൽ കോവിഡ് പ്രതിരോധം ഏറ്റവും മോശം രീതിയിലാണെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ട്രംപിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കൃത്യമായ പദ്ധതികൾ ഇല്ലാതെയാണ് ട്രംപ് പ്രതിരോധ പ്രവർത്തനങ്ങൾ അവലംബിച്ചതെന്നാണ് പ്രധാന വിമർശനം. അതിനു പിന്നാലെയാണ് ഒബാമയും ട്രംപിനെ വിമർശിച്ചിരിക്കുന്നത്. നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിന് ഇത് തിരിച്ചടിയാണ്.
അതേസമയം, അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. യുഎസിൽ ഇതുവരെ കോവിഡ് ബാധിച്ച് 77,000 പേർ മരിച്ചു. 13 ലക്ഷത്തിലേറെ പേർ അമേരിക്കയിൽ കോവിഡ് ബാധിതരാണ്.