ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1,251 ആകുകയും 32 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അസാധാരണമായ രീതിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 10 ഹോട്ട്സ്‌പോട്ടുകളിൽ പരിശോധന വർധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനും നിസാമുദ്ദീനും നോയിഡ്, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, കാസര്‍ഗോഡ്, പത്തനംതിട്ട, മുംബൈ, പൂനെ എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 227 പുതിയ കേസുകളും അഞ്ച് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 101 പേര്‍ക്ക് രോഗം ഭേദമായി.

10 കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തെയാണ് സാധാരണ ക്ലസ്റ്ററായും നിരവധി ക്ലസ്റ്ററുകള്‍ വരുന്ന സ്ഥലത്തെ ഹോട്ട്‌സ്‌പോട്ടായും നിര്‍വചിക്കുന്നുവെന്ന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിലെ ഒരു വാര്‍ത്താ സ്രോതസ് വ്യക്തമാക്കുന്നു. “ചിലപ്പോള്‍ കേസുകള്‍ പ്രാദേശികമായിരിക്കും, ചിലപ്പോള്‍ ഒരു നഗരം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടാകും. അഹമ്മദാബാദ് വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. അവിടെ അഞ്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ, മൂന്ന് പേര്‍ മരിച്ചു. നൂറ് കേസുകള്‍ വരുമ്പോഴാണ് ഒരു മരണം ഉണ്ടാകേണ്ടതെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. അതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്,” അദ്ദേഹം വിശദീകരിക്കുന്നു.

ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന വർധിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ചാകും പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Read Also: കോവിഡ്-19: ലോകത്ത് മരണം 37,000 കടന്നു; സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത് 913 പേർ

പുതിയ ഹോട്ട്‌സ്‌പോട്ടുകളെ കുറിച്ച് പഠിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് രോഗലക്ഷണങ്ങള്‍ കാണിക്കാത്ത വളരെ ചെറിയ ആളുകളിലേ രോഗം കണ്ടെത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 38,432 പരിശോധനകളാണ് നടന്നത്.

100 കേസുകളില്‍ ഒരു മരണമാണ് ഉണ്ടാകേണ്ടത്. പക്ഷേ, ഇന്ത്യയുടെ ഇപ്പോഴത്തെ കണക്കുകളില്‍ അതില്‍ പകുതിയിലും താഴെയാണ്. എന്തുകൊണ്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന വര്‍ധിപ്പിക്കുന്നുവെന്ന് വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.

Read in English: India lockdown day 6: Govt zeroes in on 10 hotspots

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook