റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുമ്പോള്‍ കണ്ട് നില്‍ക്കുന്ന നാട്ടുകാര് പറയുന്നൊരു വാചകമുണ്ട്. അവനാര്‍ക്കോ വായു ഗുളിക വാങ്ങാന്‍ പോകുകയാണെന്ന്. അത്രയ്ക്ക് തിരക്കാണ് വാഹനമോടിക്കുന്നയാള്‍. സമാനമായ സാഹചര്യമാണ് വിഐപികള്‍ ഏറെ താമസിക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢില്‍ ഇപ്പോഴുള്ളത്. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇവിടത്തെ വിഐപികള്‍ക്കില്ലാത്ത ആവശ്യങ്ങളില്ല. ആവശ്യങ്ങള്‍ പലതാണെങ്കിലും എല്ലാവരും ചെന്ന് നില്‍ക്കുന്നത് തങ്ങള്‍ക്ക് അല്ലെങ്കില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് വേണം എന്നാണ്.

വിഐപിയെന്ന പ്രിവിലേജ് കൊറോണക്കാലത്തും വേണമെന്ന വാശിയിലാണ് അവരൊക്കെ. ഇളവ് ചോദിക്കുന്ന ആവശ്യങ്ങള്‍ രസകരമാണ്.

Read Also: ചെറുപ്പക്കാർക്ക് കോവിഡ് പ്രതിരോധ ശേഷി ഇല്ലെന്ന് ലോകാരോഗ്യ സംഘടന

എന്റെ അമ്മ ആ കടയിലെ ജ്യൂസേ കുടിക്കൂ. അതുകൊണ്ട് ആ കടക്കാരന് എന്റെ വീട്ടിലേക്ക് വരാന്‍ പാസ് കൊടുക്കണം. നായയുമായി പുറത്ത് നടക്കാന്‍ പോകാന്‍ പാസ് വേണം. വിഐപിമാര്‍ക്ക് ഹെയര്‍ സ്റ്റൈലിസ്റ്റിനെ വീട്ടില്‍ വരുത്തണം അല്ലെങ്കില്‍ ബ്യൂട്ടി പാര്‍ലറിലെ സ്ത്രീയെ വീട്ടിലേക്ക് വരാന്‍ അനുവദിക്കണം. സുഖ്‌ന തടാകക്കരയില്‍ വൈകുന്നേര നടത്തത്തിന് പോകണം. ഇതൊക്കെയാണ് വലിയ വലിയ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങളുമായി കേന്ദ്രഭരണപ്രദേശ അധികൃതരെ ബുദ്ധിമുട്ടിക്കുകയാണ് വിഐപികള്‍.

കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ മാര്‍ച്ച് 24 മുതലാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അടിയന്തര ജോലികളോ അങ്ങേയറ്റം അടിയന്തരമായ സാഹചര്യത്തിലോ മാത്രമേ ഇളവ് അനുവദിക്കാന്‍ പാടുള്ളൂ. പക്ഷേ, വിഐപികള്‍ക്കൊന്നും ഇത് ബാധകമല്ല.

ജനം പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

ബാര്‍ബറെ വീട്ടിലേക്ക് വരുത്തി മുടി വെട്ടിക്കുന്നതില്‍പരം അപകടസാധ്യത ഈ കൊറോണക്കാലത്തില്ലെന്ന് കേന്ദ്ര ഭരണ പ്രദേശ ഉപദേശകനായ മനോജ് പരിദ പറയുന്നു. ഇവരാരും സാഹചര്യം മനസ്സിലാക്കുന്നില്ല. 21 ദിവസം വീട്ടില്‍ ഇരുന്നാല്‍ നമ്മള്‍ നമ്മുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടേയും കൂടെ ജീവനാണ് രക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി എന്നോട് പാസ് ചോദിക്കരുതെന്ന് പരീദയ്ക്ക് ട്വീറ്റ് ചെയ്യേണ്ടി വന്നു.

Also Read: ഓൺലെെൻ മദ്യവിൽപ്പന ഇപ്പോൾ ആലോചനയിലില്ല, ബിവറേജുകൾ 21 ദിവസം അടഞ്ഞുകിടക്കും: മന്ത്രി

സമാനമായ സാഹചര്യമാണ് കേരളത്തിലും. പുറത്തിറങ്ങുമ്പോള്‍ പോലീസ് തടയും. അയ്യോ, സാറേ അത്യാവശ്യമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതാണെന്ന് പറഞ്ഞ് സ്‌കൂട്ടാകാന്‍ നോക്കും. എന്നാ ശരി പോയി വായെന്ന് പോലീസും പറയും. തിരിച്ചു വരുമ്പോള്‍ പൊലീസ് വീണ്ടും പൊക്കി പരിശോധിക്കുമ്പോള്‍ അരക്കിലോ പഞ്ചസാരയോ രണ്ട് മുട്ടയോ ആകും വാങ്ങിച്ചു വരുന്നുണ്ടാകുക.

ഇന്ന് ലോക് ഡൗണ്‍ ലംഘിച്ച് ചുറ്റിക്കറങ്ങിയ അമ്പതോളം ബൈക്കുകളെ തൃശൂരില്‍ വലപ്പാട് പോലീസു രണ്ട് ബൈക്കുകളെ വാടാനപ്പള്ളി പോലീസും പിടികൂടിയിരുന്നു. സംസ്ഥാനമൊട്ടുക്ക് ഇതാണ് അവസ്ഥ. ലോക്ക് ഡൗണ്‍ സാഹചര്യം എങ്ങനെയുണ്ടെന്ന് അറിയാന്‍ ഇറങ്ങി തിരക്കുണ്ടാക്കുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്ററായ വി പി സിങ് ബഡ്‌നോര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാതെ സൂക്ഷിച്ചതിന് അദ്ദേഹം പരീദയെ അഭിനന്ദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook