വാഷിങ്ടണ്‍: കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കാല്‍ലക്ഷത്തോട് അടുക്കവേ, മരണങ്ങള്‍ ഒഴിവാക്കാന്‍ രാജ്യങ്ങള്‍ക്ക് ആറ് നിര്‍ദ്ദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയിരുന്നു. ചൈനയേയും ഇറ്റലിലേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്. ചൈനയില്‍ 81,340 രോഗികളും ഇറ്റലിയില്‍ 80,500 രോഗികളും അമേരിക്കയില്‍ 82,400 കേസുകളുമാണുള്ളത്.

എല്ലാ രാജ്യങ്ങളുടം പിന്തുടരേണ്ട ആറ് മാര്‍ഗ്ഗങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രയേസുസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആഴ്ചയോടെ ലോകമെമ്പാടും ഒരു ബില്ല്യണ്‍ ആളുകള്‍ കൂടെ ലോക്ക് ഡൗണില്‍ ആയി. ഈ അവസരം പാഴാക്കരുതെന്നാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് പറയാനുള്ളത്.

Read Also: Covid-19 Live Updates: നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ്കലക്ടർക്കെതിരെ കേസ്

ശാരീരിക അകലം പാലിക്കാന്‍ സഹായിക്കുന്ന ലോക്ക് ഡൗണ്‍ വൈറസിന്റെ വ്യാപനം തടയാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല. പരിപാടികള്‍ റദ്ദാക്കുക, സ്‌കൂളുകള്‍ അടച്ചിടുക, വീടുകളില്‍ കഴിയുക തുടങ്ങിയ നടപടികള്‍ ഈ വൈറസിനെതിരായ ഒരു പോരാട്ടം നടത്തുന്നതിന് രാജ്യങ്ങള്‍ക്ക് അവസരം നല്‍കും.

നമ്മള്‍ അനവധി മഹാമാരികളേയും പ്രതിസന്ധികളേയും ഇതിന് മുമ്പ് മറികടന്നിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓര്‍മ്മിപ്പിച്ചു. “ഇതും നമ്മള്‍ മറികടക്കും. അതിന് എത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യത്തേയും സാഹചര്യങ്ങളോ അവയുടെ വലിപ്പമോ പരിഗണിക്കാതെ ഈ രോഗത്തിനെതിരെ പോരാടാന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പറയുന്ന ആറ് മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.

പൊതുജനാരോഗ്യ സംവിധാനത്തെ വികസിപ്പിക്കുക, പരിശീലിപ്പിക്കുക, വിന്യസിക്കുക.

എല്ലാ സംശയാസ്പദമായ കേസുകളേയും കണ്ടെത്തുന്നതിനുള്ള സംവിധാനം ഒരുക്കുക.

പരിശോധന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക

രോഗികള്‍ക്ക് ചികിത്സ നല്‍കാനും ഐസോലേറ്റ് നല്‍കാനുമുള്ള പ്രധാന സൗകര്യങ്ങള്‍ കണ്ടെത്തുക.

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ഒരു വ്യക്തമായ പ്ലാന്‍ തയ്യാറാക്കുക.

കോവിഡ്-19-നെ അടിച്ചമര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ റീഫോക്കസ് ചെയ്യുക.

Read Also: കമ്മ്യൂണിറ്റി കിച്ചൺ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും

സമ്പദ് വ്യവസ്ഥ തകരുന്നത് ഒഴിവാക്കാന്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. രോഗബാധിതരെ കണ്ടെത്തുക, ഐസോലേറ്റ് ചെയ്യുക, പരിശോധിക്കുക, സമ്പര്‍ക്കത്തില്‍ വന്നവരെ പരിശോധിക്കുക എന്നിവ ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

കേരളത്തില്‍ ഇതുവരെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 126 നിലവില്‍ ചികിത്സയില്‍ കഴിയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook