കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ദേശവ്യാപകമായ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി 50 ലക്ഷം രൂപയുടെ അരി ദാനം ചെയ്തു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അസോസിയേഷന്‍ ഗാംഗുലിക്ക് നന്ദിയും രേഖപ്പെടുത്തി.

കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ക്ക് നല്‍കുന്നതിനാണ് ലാല്‍ ബാബ റൈസുമായി ചേര്‍ന്ന് സൗരവ് ഗാംഗുലി അരി സംഭാവന നല്‍കിയത്. ഗാംഗുലിയുടെ പ്രവൃത്തി മറ്റുള്ളവരേയും ഇതിന് പ്രേരിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.

Read Also: Covid-19 Live Updates: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും കളിക്കാരുടെ ഡോര്‍മെട്രിയും താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റാമെന്ന് കഴിഞ്ഞ ദിവസം ഗാംഗുലി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഈ സൗകര്യം കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. “എന്താവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ചെയ്യും. അതിനൊരു പ്രശ്‌നവുമില്ല,” ഗാംഗുലി പറഞ്ഞു.

അസോസിയേഷനും പ്രസിഡന്റ് അവിഷേക് ഡാല്‍മിയയും യഥാക്രമം 25 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Read in English: Amidst nationwide lockdown, Sourav Ganguly donates free rice to the needy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook