ന്യൂഡല്‍ഹി: കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും യാത്ര ചെയ്യുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹി ഷഹീന്‍ബാഗിലെ കുത്തിയിരിപ്പ് സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൂറ് ദിവസത്തിലധികമായി സ്ത്രീകള്‍ ഇവിടെ സമരത്തിലാണ്.
കൊറോണവൈറസ് ബാധയെ തുടര്‍ന്നുള്ള അടച്ചിടല്‍ കാരണം പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (സൗത്ത് ഈസ്റ്റ്) ആര് പി മീണ പറഞ്ഞു. എന്നാല്‍ അവര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ലെന്നും അതിനാല്‍ ഒഴിപ്പിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണവൈറസ് വ്യാപനം തടയുന്നതിനായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ് ജാമിയയിലെ ഒരു പ്രതിഷേധം പിന്‍വലിച്ചിരുന്നു.
നേരത്തെ ഷഹീന്‍ബാഗിലെ സമരം പിന്‍വലിക്കുന്നതിനായി പ്രതിഷേധക്കാരോട് പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍, 50-ല്‍ അധികം പേര് കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതുമായി സഹകരിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. നൂറോളം പ്രതിഷേധക്കാര്‍ ഉണ്ടായത് 50 ആക്കി കുറച്ചു. പ്രായമായ സ്ത്രീകളേയും കുട്ടികളേയും പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. കൂടാതെ, ഒരു മീറ്റര്‍ അകലത്തില്‍ അവശേഷിക്കുന്ന പ്രതിഷേധക്കാര്‍ ഇരിക്കുകയും ചെയ്തു.