കോവിഡ് മറച്ചുവച്ച് അമ്മയുടെ മൃതദേഹം സംസ്‌കരിച്ചുവെന്ന് ആരോപണം; നെഗറ്റീവ് റിപ്പോർട്ട് പുറത്തുവിട്ട് കണ്ണന്താനം

മരണത്തിന് മുൻപ് അമ്മയുടെ കോവിഡ് പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും തന്റെ കൈയിൽ ആശുപത്രിയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു

Alphons Kannanthanam, അൽഫോൺസ് കണ്ണന്താനം, Covid-19, കോവിഡ് ബാധ. iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതരമായ ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. ഡല്‍ഹിയില്‍ വച്ച് കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം കണ്ണന്താനം മറച്ചുവച്ചാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതെന്ന് ജോമോൻ പറഞ്ഞു. ആരോപണത്തിനു പിന്നാലെ കണ്ണന്താനം അമ്മയുടെ കോവിഡ് നെഗറ്റീവ് ഫലം പുറത്തുവിട്ടു.

ജോമോൻ പുത്തൻപുരയ്ക്കൽ ഫെയ്സ്ബുക്ക് വഴിയാണു കണ്ണന്താനത്തിനെതിരെ ആരോപണമുയർത്തിയത്. അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയില്‍ കണ്ണന്താനം വ്യക്തമാക്കിയതിനെത്തുടർന്നായിരുന്നു ജോമോന്റെ ആരോപണം.

അതേസമയം, മരണത്തിന് മുൻപ് അമ്മയുടെ കോവിഡ് പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും തന്റെ കൈയിൽ അതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

കണ്ണന്താനത്തോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന അമ്മ ബ്രിജിത് ജൂൺ 10നാണ് അന്തരിച്ചത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മേയ് 29 മുതല്‍ ചികിത്സയിലായിരുന്നു. ജൂണ്‍ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അമ്മയ്ക്ക് കോവിഡ് ഉണ്ടെന്നാണ് കണ്ണന്താനം വീഡിയോയിൽ വെളിപ്പെടുത്തിയത്.

അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് മണിമലയില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്. ഈ സമയത്തെല്ലാം  അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന കാര്യം കണ്ണന്താനം മറച്ചുവച്ചതായി ജോമോന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളെ വിമാനമാര്‍ഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിനു വച്ച് സംസ്‌കാരം നടത്തിയത് അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ജോമോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read More: മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

” ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ കണ്ണന്താനം തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂണ്‍ 10 ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്.

അതിന് തൊട്ട്മുന്‍പ് കുറേ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോള്‍ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു.

2020 ജൂണ്‍ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയില്‍ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് സംസ്‌കാര ചടങ്ങില്‍ തിരുവനന്തപുരത്തുനിന്ന് ഞാന്‍ മണിമലയില്‍ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിമാനമാര്‍ഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് സംസ്‌കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.’

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തില്‍ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓര്‍മയില്‍ ‘മദേര്‍സ് മീല്‍’ എന്ന ചാരിറ്റിയുടെ പേരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയില്‍ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അല്‍ഫോന്‍സ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 serious allegation against alphons kannanthanam

Next Story
പാർലമെന്റ് അനെക്സ് കെട്ടിടത്തില്‍ തീപിടിത്തംparliament fire, fire in parliament, parliament fire news, parliament building on fire, delhi news
The moderation of comments is automated and not cleared manually by malayalam.indianexpress.com