ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ്. മരണസംഖ്യയും ഉയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 56,211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.20 കോടി കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5.40 ലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 271 മരണം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 1.62 ലക്ഷമായി. മഹാരാഷ്ട്രയിൽ മാത്രം തിങ്കളാഴ്‌ച സ്ഥിരീകരിച്ചത് 31,643 കോവിഡ് കേസുകളാണ്.
കർണാടകയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,799 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,742 പേർ ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്.
Read Also: ‘രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും നിൽക്കരുത്’; അധിക്ഷേപ പരാമർശവുമായി ജോയ്‌സ് ജോർജ്
കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. മാർച്ച് 25ന് രാജ്യത്ത് 59,074 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒക്‌ടോബർ 17 നു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലാണ് രണ്ടാം തരംഗത്തിന്റെ സാധ്യതകൾ കൂടുതലായി കാണുന്നത്. ഒന്നാം തരംഗത്തേക്കാൾ വ്യാപനശേഷി രണ്ടാം തരംഗത്തിനു ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്‌ഗഡ് തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പുതിയ കോവിഡ് പോസിറ്റീവ് കേസുകളുടെ 85 ശതമാനവും.
അതേസമയം, കേരളത്തിൽ ഇന്നലെ 1,549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി.