റിയാദ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ് തീർഥാടനത്തിനു നിയന്ത്രണവുമായി സൗദി അറേബ്യ. ആഗോളതലത്തിലുള്ള തീർഥാടനം ഒഴിവാക്കാനാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച്‌ ഈ വർഷത്തെ ഹജ്‌ പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താനാണ് സൗദി ഹജ്‌ ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സൗദിക്ക് പുറത്തുനിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിനു അനുമതിയില്ല.

സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കും മാത്രമാണ് ഹജ്ജിനു അനുമതി. ഹജ്ജ് തീർഥാടനം പൂർണമായി ഒഴിവാക്കുമെന്ന പ്രചാരണങ്ങൾക്ക് ഇതോടെ അവസാനമായി. ഹജ് തീർഥാടനം പൂർണമായും ഒഴിവാക്കുമെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു.

Read Also: Horoscope Today June 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. രാജ്യത്ത്‌ താമസിക്കുന്ന വിവിധ ദേശങ്ങളിലുള്ള പരിമിതമായ അംഗങ്ങൾക്ക്‌ സാമൂഹിക അകലം പാലിച്ച് തീർഥാടനം നടത്താനുള്ള സൗകര്യം ഒരുക്കും. കൂട്ടംകൂടിയുള്ള പ്രാർത്ഥനകളും ആചാരങ്ങളും കോവിഡ് പകരാൻ കാരണമാകുമെന്നതിനാൽ നിയന്ത്രണങ്ങളോടെ മാത്രം തീർഥാടനം നടത്താനാണ് സൗദി തീരുമാനിച്ചത്.

സൗദിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കോവിഡ് ബാധിച്ച് 1,307 പേർക്കാണ് ഇതുവരെ സൗദിയിൽ ജീവൻ നഷ്ടപ്പെട്ടത്. രാജ്യവ്യാപകമായി നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ പിൻവലിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

Read Also: ഗൽവാൻ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ചൈനീസ് കമാൻഡർമാർ കൂടിക്കാഴ്ച നടത്തി

നേരത്തെ കോവിഡ് ഭീതിയെ തുടർന്ന് ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികൾക്കും ഉംറ താൽക്കാലികമായി നിർത്തിവച്ചതായി മാർച്ച് നാലിനാണ് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയത്. വിദേശികൾക്കുള്ള ഉംറ തീർഥാടനം റദ്ദാക്കിയതിനു പിന്നാലെയാണ് സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികൾക്കുമുള്ള തീർഥാടനവും നിർത്തിവച്ചത്. വിദേശത്തുനിന്ന് ഉംറ തീർഥാടനത്തിനായി സൗദിയിലെത്തിയ വിദേശികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സഹായം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook