ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായി ഒരു ദീര്‍ഘകാല പോരാട്ടത്തിന് സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഗ്രാമീണ, വിദൂര മേഖലകള്‍ക്കുവേണ്ടി ട്രെയിനുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കുകയും വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുകയുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ മുഖ്യഅജണ്ട.

കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കുമ്പോള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്.

കോവിഡ്-19 ന്റെ സമൂഹ വ്യാപനത്തെ നേരിടാന്‍ തയ്യാറെടുത്തിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് റെയില്‍വേ മന്ത്രി പീയുഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവും ആവശ്യപ്പെട്ടു. സമൂഹ വ്യാപനമുണ്ടായാല്‍ ഇന്ത്യയിലുടനീളം ആശുപത്രി സംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കേണ്ടി വരും. പ്രത്യേകിച്ച് ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍.

21 ദിവസത്തെ അടച്ചിടലിനു ശേഷമുള്ള സാഹചര്യത്തെ നേരിടുന്നതിനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ നിർദേശം ലഭിച്ചുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read Also: ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’; അർധരാത്രിയിലെ ഫോണിന് മുഖ്യമന്ത്രിയുടെ മറുപടി

ആദ്യഘട്ടമായി നിലവിലെ ഒരു എല്‍എച്ച്ബി കോച്ചിനെ ആര്‍സിഎഫ് കപൂര്‍ത്തല ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റും. എസിയില്ലാത്ത കോച്ചാണ് വാര്‍ഡാക്കി മാറ്റുന്നത്. കാരണം, എസിയാണെങ്കില്‍ വായുവിലൂടെയുള്ള രോഗവ്യാപനത്തെ തടയാനാകില്ല. ലേഔട്ട് തയ്യാറായിട്ടുണ്ട്. രോഗികള്‍ തമ്മിലെ ദൂരം, ശുചിത്വം, ആവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓരോ രോഗികള്‍ക്കും പ്രത്യേകം ബാത്ത് റൂം സൗകര്യം ആവശ്യമാണെന്നതാണ്.

രൂപകല്‍പന തയ്യാറായാല്‍ കോച്ചിനെ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റാന്‍ അധിക സമയം വേണ്ടിവരില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോക്‌ഡൗണ്‍ കാരണം കോച്ചുകള്‍ വെറുതെ കിടക്കുകയാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, വെന്റിലേറ്ററുകളുടെ നിര്‍മ്മാണം വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിവേഴ്‌സ് എൻജിനീയറിങ്ങിലൂടെ ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മിക്കാന്‍ ഐസിഎഫ് ചെന്നൈ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ശ്രമം തുടരുകയാണ്. യന്ത്രം നിര്‍മ്മിക്കുന്നതിന് ബുദ്ധിമുട്ടില്ല. പക്ഷേ, കാലിബറേറ്റ് ചെയ്യുന്നത് വെല്ലുവിളിയാണ്. ഞങ്ങള്‍ക്കതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെക്കാനിക്കല്‍ വെന്റിലേറ്ററുകളുടെ കാലമാണ് കഴിഞ്ഞത്. അതിനാല്‍ നിലവിലെ നിലവാരത്തിലെ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കണം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: ‘മരിച്ച അളിയൻ ഫോണിൽ സംസാരിച്ചു’; പൊലീസിനെ കബളിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

ഇന്ത്യയില്‍ വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുകയാണ്. 40,000-ത്തോളം വെന്റിലേറ്ററുകള്‍ ആവശ്യമുണ്ട്. വിവിധ രാജ്യങ്ങള്‍ മഹാമാരിയെ നേരിടുന്നതിനുവേണ്ടി ആരോഗ്യവിഭാഗങ്ങളല്ലാത്ത മേഖലകളെ കൂടെ ഉപയോഗിക്കുന്നുണ്ട്.

Read in English: Coronavirus: Railways to make ventilators, coaches to be isolation units

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook