ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് പകരുന്നതിന്റെ നിരക്ക് രോഗബാധ രൂക്ഷമായ രാജ്യങ്ങളേക്കാള്‍ വളരെ കുറവെന്ന് കണക്കുകള്‍. കോവിഡ് 19 ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 1.7 ആളുകളിലേക്കെന്ന നിലയിലാണ് ഇന്ത്യയില്‍ വൈറസിന്റെ വ്യാപനം. വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കുറവാണെന്ന് ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരമായ വുഹാനില്‍ ഒരാളില്‍നിന്ന് 2.14 പേരിലേക്കെന്ന നിലയിലാണ് വൈറസ് വ്യാപന നിരക്ക്. ഇറാനില്‍ 2.73, ഇറ്റലിയില്‍ 2.34 എന്നിങ്ങനെയാണ് ആര്‍0 (ആര്‍ – നോട്ട് അഥവാ പുനരുല്‍പ്പാദന സംഖ്യ) എന്നറിയപ്പെടുന്ന ഈ നിരക്കുകളെന്ന് ഗവേഷകരായ സൗമ്യ ഈശ്വരന്‍, സീതഭ്ര സിന്‍ഹ എന്നിവരുടെ പഠനം വ്യക്തമാക്കുന്നു.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത അഞ്ച് ദിവസത്തിനിടെ ശരാശരി ഇരുന്നൂറോളം പേര്‍ക്കാവും കൊറോണ പരിശോധനാ ഫലം പോസിറ്റീവാന്‍ സാധ്യതയെന്ന് സീതഭ്ര സിന്‍ഹ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ ഈ സംഖ്യ 500 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദമാക്കി.

Read Also: കൊറോണ: മാർച്ച് 31 വരെയുളള 84 ട്രെയിനുകൾ കൂടി റദ്ദാക്കി ഇന്ത്യൻ റെയിൽവേ

അണുബാധ കാരണമുണ്ടാവുന്ന രോഗങ്ങളുടെ വ്യാപനം കണക്കാക്കുന്നതിനാണ് ആര്‍- നോട്ട് നിരക്കുകള്‍ പരിശോധിക്കുന്നത്. എത്രപേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകള്‍ ഇതിലൂടെ പ്രവിചിക്കാനാവും. ഒന്നില്‍ കുറവാണ് ആര്‍- നോട്ട് നിരക്കെങ്കില്‍ രോഗം പകര്‍ച്ചവ്യാധിയായി മാറില്ല. പുതുതായി വരുന്ന രോഗങ്ങളുടെ കാര്യത്തിലാണ് ആര്‍-നോട്ട് കണക്കുകള്‍ പരിശോധിക്കാറ്.

വൈറസിനു കൂടുതല്‍ സമയം അതിജീവിക്കാനുള്ള സാഹര്യമില്ലാത്ത കാലാവസ്ഥാ ഘടകങ്ങള്‍, രോഗികളെ ഐസൊലേഷനിലേക്കു മാറ്റുന്നത്, രോഗബാധിതരും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം നിയന്ത്രിച്ചത് തുടങ്ങിയവ ഇന്ത്യയിലെ കുറഞ്ഞ ആര്‍-നോട്ട് നിരക്കിനു കാരണമായിട്ടുണ്ടാവാം. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും സിന്‍ഹ പറഞ്ഞു.

രോഗവ്യാപന നിരക്ക് കുറഞ്ഞിരിക്കുന്നതിന്റെ കൃത്യമായ കാരണം ഇപ്പോള്‍ ലഭ്യമല്ല. ഒരാഴ്ചക്കുള്ളില്‍ അത് അറിയാന്‍ സാധിച്ചേക്കും. രോഗം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലങ്ങള്‍കൂടി അറിഞ്ഞാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Read Also: അസാധാരണ സാഹചര്യം, വേണ്ടത് അതീവ ജാഗ്രത: മുഖ്യമന്ത്രി

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വരും ദിവസങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കും. ആര്‍- നോട്ട് നമ്പര്‍ മാത്രമല്ല രോഗബാധയുടെ നിരക്കിനെ സ്വാധീനിക്കുന്ന ഘടകം. രോഗബാധിതരുടെ എണ്ണം 100 കടന്നശേഷം അതിവേഗം കൊറോണ വ്യാപനം വര്‍ധിച്ചതായാണു മറ്റു രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍. ഇറ്റലിയിലും ഇറാനിലും മൂന്നു ദിവസത്തിനുള്ളിലാണു കോവിഡ് കേസുകള്‍ 100ല്‍ നിന്ന് 500 ആയി ഉയര്‍ന്നത്. എന്നാല്‍ സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനായി അഞ്ചു ദിവസമെടുത്തു.

മാര്‍ച്ച് 15നാണ് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഇത് 152 ആയിട്ടാണ് ഉയര്‍ന്നത്. ഇതു താരതമ്യേന കുറഞ്ഞ നിരക്കായതിനാല്‍ രാജ്യത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യമുണ്ടെന്നോ രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ പരിശോധിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിവേചനം സ്വീകരിക്കുന്നെണ്ടെന്നോയുള്ള ആശങ്ക ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ കുറഞ്ഞ കോവിഡ് വ്യാപന നിരക്കില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിന്‍ഹ പ്രതികരിച്ചു.

Read in English: One COVID-19 positive infects 1.7 in India, lower than in hot zones

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook