ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നു. ഇന്ത്യയിലെ രോഗികളുടെ എണ്ണം വേൾഡോ മീറ്ററിൽ 1,482,503 ആണ്. മരണസംഖ്യ 33,000 കടന്നു. അൻപതിനായിരത്തിനടുത്താണ് നിലവിലെ പ്രതിദിന രോഗബാധ നിരക്ക്.

ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 7924 പേർക്കാണ് രോഗം പിടിപെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 383723 ആയി. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം.

തമിഴ്നാട്ടിൽ 6993 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 220716 ആയി. 6051 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം 102341 ആയി. 101465 പേർക്ക് കോവിഡ് ബാധിച്ച കർണ്ണാടകത്തിൽ 5324 പേരാണ് പുതുതായി കോവിഡ് പട്ടികയിലെത്തിയത്.

Read More: കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ചു

അതേസമയം, ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികൾ. അമേരിക്കയിൽ മരണം ഒന്നര ലക്ഷം കടന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. നാളിതുവരെ അമേരിക്കയില്‍ 4,431,842 പേര്‍ കോവിഡ് ബാധിതരായി എന്നാണ് കണക്ക്.

അമേരിക്കയിൽ 567ഉം ബ്രസീലിൽ 627ഉം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലിലും നിയന്ത്രണവിധേയമാകാതെ മഹാമാരി പടരുകയാണ്. 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. നാളിതുവരെ 2,443,480 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,679 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കൊളംബിയയില്‍ എണ്ണായിരത്തിലേറെയും ദക്ഷിണാഫ്രിക്കയില്‍ ഏഴായിരത്തിലേറെയും മെക്‌സിക്കോയിലും റഷ്യയിലും അയ്യായിരത്തിലേറെയും പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook