ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരി ഒന്നിനും 15 നും ഇടയിൽ വളരെ കൂടുമെന്ന് പഠനം. കോവിഡ് ആർ വാല്യൂവിന്റെ അടിസ്ഥാനത്തിൽ ഐഐടി മദ്രാസിന്റെ മാത്തമാറ്റിക്സ് വിഭാഗവും സെന്‍റർ ഓഫ് എക്സലൻസ് ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡാറ്റ സയൻസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓരോ രോഗബാധിതരില്‍ നിന്നും എത്ര പേർക്ക് അണുബാധ പകരുമെന്ന കണക്കാണ് ആർ വാല്യൂ.
ആർ വാല്യൂ ഒന്നിനു താഴെ ആയാൽ മാത്രമേ മഹാമാരി അവസാനിച്ചുവെന്ന് കണക്കാക്കാൻ കഴിയൂ. കഴിഞ്ഞ ആഴ്ച (ഡിസംബർ 25-31) 2.9 ആയിരുന്നു ആർ വാല്യൂ. ഈ ആഴ്ച അത് (ജനുവരി 1-6) 4 ആയി. ക്വാറന്റൈൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി ആർ വാല്യൂ താഴ്ന്നേക്കാമെന്ന് ഐഐടി മദ്രാസിലെ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ വിശകലനം. സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെയുള്ളവയിൽ നടപടികൾ സ്വീകരിക്കുന്നതിന് അനുസരിച്ച് ആർ വാല്യൂവിൽ മാറ്റം വരാമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 1-15 നും ഇടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായേക്കും. രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തോളം പേർക്ക് വാക്സിൻ ലഭിച്ചത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.