ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടരുകയാണ്. ദിവസവേതനക്കാർക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ. ഇങ്ങനെയൊരു സാഹചര്യത്തിൽ മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പാർലെ. സർക്കാർ ഏജൻസികൾ മുഖേന അർഹതപ്പെട്ടവർക്ക് ഇത്രയും ബിസ്‌കറ്റ് പാക്കറ്റുകൾ എത്തിക്കുമെന്ന് പാർലെ ട്വിറ്ററിലൂടെ അറിയിച്ചു.

Read Also: ലോക്ക്ഡൗണ്‍: ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ വീഡിയോ ക്വാളിറ്റി കുറയ്‌ക്കാൻ നീക്കം

നിരവധി പേരാണ് പാർലെയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തത്. “ഇങ്ങനെയൊരു സാഹചര്യത്തിൽ സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ്. അടുത്ത മൂന്ന് ആഴ്‌ചയ്‌ക്കിടെ മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകൾ വിതരണം ചെയ്യും. സർക്കാർ മുഖേന അർഹതപ്പെട്ടവരിലേക്ക് ഇത് എത്തിക്കും. രാജ്യത്തെ ജനങ്ങളുടെ നല്ലതിനുവേണ്ടി നമ്മൾ എല്ലാവരും ഒന്നിച്ച് പോരാടണം.” പാർലെ ട്വീറ്റ് ചെയ്‌തു.

കോവിഡ് വെെറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ഇന്നലെ മുതലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവിൽ വന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുക. രാജ്യത്തിന്റ എല്ലാ അതിർത്തികളും അടച്ചു. സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: പ്രതീക്ഷയോടെ കേരളം; പോസിറ്റീവ് കേസുകൾ കുറയുന്നു

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആചരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു തടയുകയെന്ന ലക്ഷ്യം വച്ചാണു രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ആറുമാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook