ന്യൂയോർക്ക്: കോവിഡ്-19 മഹാമാരി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോവിഡിന് മുൻപുള്ള ലോകത്തേക്കുള്ള മടങ്ങിപ്പോക്ക് തൽക്കാലം ഉണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന. വാർത്താസമ്മേളനത്തിലാണ് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് ഇക്കാര്യം പറഞ്ഞത്.
നിരവധി രാജ്യങ്ങൾ, പ്രത്യേകിച്ച് യൂറോപ്പിലും ഏഷ്യയിലും, കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും വൈറസ് പടർന്നുപിടിക്കുന്നതായി ഡോ. ടെഡ്രോസ് പറഞ്ഞു.
Read More: കോവിഡ് വാക്‌സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യ
ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.
“അടിസ്ഥാനകാര്യങ്ങൾ പാലിച്ചില്ലെങ്കിൽ, ഈ മഹാമാരി ഇല്ലാതാകില്ല. അത് കൂടുതൽ വഷളാകുകയും മോശമാവുകയും ചെയ്യും. പക്ഷേ ഈ രീതിയിൽ ആയിരിക്കണമെന്നില്ല.”
ഏതെങ്കിലും രാഷ്ട്രീയക്കാരെ പേരെടുത്ത് പരാമർശിക്കാതെ, ഡോ. ടെഡ്രോസ്, മഹാമാരിയെ കുറിച്ച് തെറ്റായ സന്ദേശങ്ങൾ പലരും കൊടുക്കുന്നു എന്ന് വിമർശിച്ചു.
പല രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം തടയുന്നതിന് സമഗ്രമായ ഒരു തന്ത്രം സ്വീകരിക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു, പുതിയ കേസുകളിൽ പകുതിയും ഇപ്പോൾ അമേരിക്കയിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ലോകത്തുണ്ടായ പുതിയ കോവിഡ് ബാധയില്‍ പകുതിയും രണ്ടു രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടനടെഡ്രോസ് അഥനം ഗബ്രിയേസിസ് വ്യക്തമാക്കി. രണ്ടു രാജ്യങ്ങളുടെ പേരുകള്‍ അദ്ദേഹം പറഞ്ഞില്ല.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച പുതുതായി രോഗം ബാധിച്ചത് 2,30,000 പേര്‍ക്കാണ്. അതില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 10 രാജ്യങ്ങളില്‍ നിന്നായാണ്. മാത്രമല്ല, മൊത്തം രോഗബാധയുടെ പകുതിയും രണ്ടു രാജ്യങ്ങളില്‍ നിന്നാണുണ്ടായത്.- അദ്ദേഹം വിശദീകരിച്ചു.
ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ രാജ്യങ്ങളുടെ പേരുകള്‍ വിശദീകരിച്ചില്ലെങ്കിലും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 1,12,000 കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ കാര്യത്തില്‍ നിരവധി രാജ്യങ്ങള്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ടെഡ്രോസ് തുറന്നടിച്ചു. നിരവധി സര്‍ക്കാരുകളും ജനങ്ങളും കോവിഡിനെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.