scorecardresearch
Latest News

മുംബൈയിൽ 10,860 പേർക്ക് കൂടി കോവിഡ്; വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി ഡല്‍ഹി

കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് ശേഷം മുംബെ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്

Covid-19 india, covid testing, indian express

മുംബൈ/ന്യൂഡല്‍ഹി: മുംബൈയിൽ കോവിഡ് -19 കേസുകളിൽ വൻ വർദ്ധനവ് തുടർന്നു. ചൊവ്വാഴ്ച മുംബൈയിൽ 10,860 പുതിയ കോവിഡ് ബാധകൾ സ്ഥിരീകരിച്ചു. തിങ്കളാഴ്ചത്തേതിനേക്കാൾ 34 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് ശേഷം നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

നഗര ആരോഗ്യ വകുപ്പ് നൽകുന്ന കണക്കുകൾ പ്രകാരം മുംബൈിയിലെ 89 ശതമാനം രോഗികളും രോഗലക്ഷണങ്ങളില്ലാത്തവരാണ്. തിങ്കളാഴ്ച നഗരത്തിൽ 8,082 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പ്രതിദിന കോവിഡ് -19 കേസുകൾ 20,000 കടന്നാൽ, കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ച് നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ ചൊവ്വാഴ്ച പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണുമായി ഡല്‍ഹി. ഈ ആഴ്ച മുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അതേസമയം, ബസ് സ്റ്റോപ്പുകളിലെയും സ്റ്റേഷനുകളിലെയും തിരക്ക് ഒഴിവാക്കാന്‍ ബസുകളിലും മെട്രോയും നിലവില്‍ 100 ശതമാനം സീറ്റുകളിലും പ്രവവേശനം അനുവദിക്കും.

ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. അടിയന്തര സാഹചര്യത്തിലല്ലാതെ വാരാന്ത്യങ്ങളില്‍ പുറത്തിറങ്ങരുതെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുന്നതായി സിസോദിയ പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 37,379 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം 124 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 11,007 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഒമിക്രോൺ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1,892 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 382 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രണ്ടാമത്. കേരളം (185), രാജസ്ഥാൻ (174), ഗുജറാത്ത് (152) സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ.

അതേസമയം, 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്ച ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ദിനം 41 ലക്ഷത്തിലധികം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: കുട്ടികളുടെ വാക്സിനേഷൻ: രാജ്യത്ത് ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചത് 41 ലക്ഷം പേർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 omicron india vaccination coronavirus news updates