ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി.
അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഒമിക്രോൺ കേസുകളിൽ 1,199 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ (876) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി (465), കർണാടക (333), രാജസ്ഥാൻ (291), കേരളം (284), ഗുജറാത്ത് (204) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്.
മുംബൈ, ഡൽഹി നഗരങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. മുംബൈയിൽ ഇന്നലെ 20,181 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ 71 പേർ പൊലീസുകാരാണ്. ആകെ സജീവ കേസുകളുടെ എണ്ണം 79,260 ആയി ഉയർന്നു. 29.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിൽ ആകെ 36,265 പോസിറ്റീവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 13 പേർ മരിച്ചു. മുംബൈയിൽ മാത്രം നാലുപേർ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 79 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 876 ആയി. ഡൽഹിയിൽ ഇന്നലെ 15,097 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ആറ് മരണവും സ്ഥിരീകരിച്ചു. മൊത്തം സജീവ കേസുകളുടെ എണ്ണം 31,498 ആയി ഉയർന്നു.
Also Read: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്നലെ 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 280 ആയി. ഇതിൽ 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.