ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി.
രാജ്യത്തെ ആകെ കോവിഡ് മരണം 16,095 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 410 പേരാണ്. രാജ്യത്ത് ആദ്യമായാണ് ഒറ്റദിനം കോവിഡ് രോഗികളുടെ എണ്ണം 19,000 കടക്കുന്നത്.
Read Also: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ബ്രസീലും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആഗോളതലത്തിൽ സ്ഥിതി വഷളാകുകയാണ്.
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്നത്. 87 ശതമാനം കോവിഡ് കേസുകളും ഈ എട്ട് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5 ശതമാനം ആക്ടീവായ കോവിഡ് രോഗികളുള്ളത്.
മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസവും 5,000 ത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,59,133 ആയി. മുംബെെയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 74,252 പേർക്കാണ്. ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു.
Read Also: അതീവ ജാഗ്രത ആറ് ജില്ലകളിൽ; അറുതിയില്ലാത്ത ആശങ്ക
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികളുടെ എണ്ണം 1,00,65,257 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണ്. അതിനു പിന്നിൽ ബ്രസീൽ ഉണ്ട്.
കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുലക്ഷം കടന്ന് 5,00,534 ആയി. 24 മണിക്കൂറിനിടെ 4,455 പേര് കൂടി ആഗോളതലത്തിൽ മരിച്ചു. ഇന്നലെ കൂടുതല്‍ മരണം ബ്രസീലിലാണ്. 961 പേര് മരിച്ചു. ബ്രസീലിലെ ആകെ മരണം 57,070 ആയി ഉയർന്നു. യുഎസിൽ ആകെ മരണം 1.28 ലക്ഷമായി. ഇന്നലെ മാത്രം 492 പേര് കാേവിഡ് ബാധിച്ച് മരിച്ചു.