ന്യൂഡല്‍ഹി: കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 37 ദിവസമാകുന്നു. വ്യാഴാഴ്ച്ചവരെ 33,000 പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. കോവിഡ്-19 മഹാമാരി എല്ലാ ജീവിതമേഖലയേയും ബാധിച്ചു. എന്നാല്‍ അപ്രതീക്ഷിതമായ ഫലങ്ങളും ഉണ്ടായിരിക്കുന്നു. രാജ്യവ്യാപകമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളും പറയുന്നത് അനുസരിച്ച് കുറ്റകൃത്യങ്ങള്‍ കുറയുകയും അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറയുകയും ചെയ്തു.

കേരളത്തില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും റോഡ് അപകടങ്ങളും ആദ്യ ലോക്ക്ഡൗണ്‍ കാലയളവായ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ഗണ്യമായി കുറഞ്ഞുവെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗം ഭേദമായത് 14 പേർക്ക്

“കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം കൊലപാതക കേസുകളില്‍ 40 ശതമാനം കുറവുണ്ടായിയെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഡെപ്യൂട്ടി സൂപ്രണ്ടായ കരുണാകരന്‍ പറഞ്ഞു. സമാനമായി ബലാല്‍സംഗ കേസുകളില്‍ 70 ശതമാനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ കേസുകള്‍ 100 ശതമാനവും കുറഞ്ഞു. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ സ്വാഭാവികമായും അപകടങ്ങളും കുറഞ്ഞു,” അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ജനസാന്ദ്രതയും തിരക്കേറിയ റോഡുകളും കാരണം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന കേരളത്തില്‍ ലോക്ക്ഡൗണില്‍ അപകടങ്ങളും അതുമൂലമുള്ള മരണങ്ങളും കുറഞ്ഞിട്ടുണ്ട്. പൊലീസ് കണക്ക് അനുസരിച്ച് 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ 105 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 1787 അപകടങ്ങള്‍ ഉണ്ടായി. ഈ വര്‍ഷം 13 പേര്‍ മരിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷമിത് 185 പേരായിരുന്നു.

എല്ലാതരത്തിലും കേരളത്തിലെ കുറ്റകൃത്യങ്ങളില്‍ കുറവുവന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുടുംബബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത വന്നതാകും ആത്മഹത്യകള്‍ കുറയാന്‍ കാരണമെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു.

Read Also: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ; തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിൽ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ എംഎജെയിലെ കാഷ്വാലിറ്റിയില്‍ റോഡ് അപകടം മൂലമെത്തുന്ന അഡ്മിഷനുകള്‍ കുറഞ്ഞിട്ടുണ്ട്.” ഇതൊരു കോവിഡ്-19 ആശുപത്രിയല്ലെങ്കിലും ദിനംപ്രതി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. നേരത്തെ, വീടുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ കുട്ടികളെല്ലാം വീട്ടിനുള്ളിലാണ്. റോഡുകളില്‍ ആളുകള്‍ കുറഞ്ഞതു കാരണമുള്ള മരണങ്ങളും കുറഞ്ഞു,” ആശുപത്രി അഡ്മിനിസ്‌ട്രേറ്ററായ ഫെനോ പറയുന്നു.

ആശുപത്രിയിലെ ഒപി വിഭാഗത്തിലും രോഗികള്‍ കുറയുന്നു. ഡോക്ടറുടെ സേവനം ആവശ്യമായ രോഗികള്‍ മാത്രമേ ആശുപത്രിയില്‍ വരുന്നുള്ളൂ.

ബംഗളുരു പോലുള്ള മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും അപകടങ്ങളുടെ കേസുകള്‍ കുറയുന്നുണ്ട്. ജിഗാനി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസിഇ സുഹാസ് ആശുപത്രിയില്‍ ലോക്ക്ഡൗണിന് മുമ്പ് ആഴ്ചയില്‍ കുറഞ്ഞത് 10 ചെറിയ വ്യാവസായിക അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ, വലിയ അപകടങ്ങളില്‍ പരിക്കേറ്റവരും വന്നിരുന്നു. എന്നാല്‍ മാര്‍ച്ച് പകുതി മുതല്‍ അത്തരം അപകടങ്ങളില്‍പ്പെട്ട് ആരും പ്രവേശിക്കപ്പെട്ടില്ല, മാനേജിങ് ഡയറക്ടറായ ഡോ ജഗദീഷ് ഹിരേമത് പറഞ്ഞു.

Read in English: Covid-19 lockdown has some unintended gains: Fall in crime rate, fatalities on roads, suicides

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook