ന്യൂഡൽഹി: ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 130 ജില്ലകളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുളളത്. 284 ജില്ലകൾ ഓറഞ്ച് സോണിലും 319 ജില്ലകൾ ഗ്രീൻ സോണിലുമാണ്. കേരളത്തിൽ വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. കോട്ടയവും കണ്ണൂരും റെഡ് സോണിലാണ്. മറ്റു ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.
കേസുകളുടെ എണ്ണം, ഇരട്ടിപ്പിക്കൽ നിരക്ക്, പരിശോധനയുടെ വ്യാപ്തി, നിരീക്ഷണ ഫീഡ്ബാക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുളളത്. 21 ദിവസത്തിനുളളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിട്ടുളളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അയച്ച കത്തിൽ പറയുന്നു. നേരത്തെ ഇത് 28 ദിവസമായിരുന്നു. വളരെ കുറച്ചു കേസുകൾ ഉളളവ ഓറഞ്ച് സോണും ഏറ്റവും കൂടുതൽ കേസുകൾ ഉളളവ റെഡ് സോണുമാണ്.
Read Also: Explained: ലോക്ക്ഡൗൺ അവസാനത്തിലേക്കെത്തുമ്പോൾ കോവിഡ് -19 കേസുകളിൽ രാജ്യം എവിടെ നിൽക്കുന്നു?
പുതിയ പട്ടിക പ്രകാരം മെട്രോപൊളിറ്റൻ നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്. ഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പത്തോ അതിലധികമോ ജില്ലകളും റെഡ് സോണിലാണ്.
ചുവപ്പ്, ഓറഞ്ച് മേഖലകളിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിക്കുന്നതായും സുഡാൻ കത്തിൽ എഴുതി. 2005 ലെ ദുരന്തനിവാരണ നിയമ പ്രകാരം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസൃതമായി പട്ടിക ആഴ്ചതോറുമോ അതിനു മുൻപോ പരിഷ്കരിക്കുന്നതായിരിക്കും.