Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

Covid-19: കോവിഡ്-19: വിലക്കയറ്റം തടയാൻ വിജിലൻസ് പരിശോധന

Covid-19: റേഷൻ കടകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

CPM, സിപിഎം, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സപിഎം, Pinarayi Vijayan, പിണറായി വിജയന്‍, kerala, കേരളം, UDF, യുഡിഎഫ്, IE MALAYALAM, ഐഇ മലയാളം

Covid-19 : തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധന ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി. വിലക്കയറ്റം തടയാൻ വിജിലൻസിനെ കൂടി പരിശോധനയ്ക്ക് ചുമതലപ്പെടുത്തുന്നു. ഇത് ഗുരുതരമായ തെറ്റാണ്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ നല്ല രീതിയിൽ പുരോഗമിക്കുന്നു. നേരത്തെയുള്ള അവസ്ഥയല്ല. ട്രക്കുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്നും നാളെയും കൊണ്ട് കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എൽപിജി സിലിണ്ടർ പോലുള്ള സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കൊറോണ അവലോകനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

റേഷൻ കടകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഏർപ്പെടുത്തും. നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്ക് വിതരണം ചെയ്യും. ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ മൂന്നിന് നാല് അഞ്ച്, ഏപ്രിൽ നാലിന് ആറ് ഏഴ്, ഏപ്രിൽ അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം.

Live Blog

Covid-19 Live Updates – കോവിഡ്-19 വാർത്തകൾ തത്സമയം


22:32 (IST)31 Mar 2020

കോവിഡ്-19: ഏപ്രിൽ ഒന്നിന് ഫൂളാക്കൽ വേണ്ട, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നിലെ ഫൂളാക്കലുകൾ ഒഴിവാക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ തെറ്റിധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read More

21:44 (IST)31 Mar 2020

ആരോഗ്യപ്രവര്‍ത്തകരെ നിന്ദിക്കുന്നതിനെ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകരെ നിന്ദിക്കുന്ന പ്രവണതയെ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് കൂടുതല്‍ വ്യാപന ഭീഷണിയുയര്‍ന്ന കാസര്‍ഗോഡ് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായസഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. പല ഘട്ടങ്ങളിലും അവരെ പരിഹസിക്കുന്നതായുള്ള ആക്ഷേപം വന്നിട്ടുണ്ട്. അത്തരം പ്രവണത നല്ലതല്ല. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കരുത്. Read More

21:42 (IST)31 Mar 2020

നിസാമുദ്ദീനിൽ 441പേർക്ക് രോഗലക്ഷണങ്ങൾർ

നിസാമുദ്ദീനിൽ കോവിഡ് -19 രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 441 പേരെ ആശുപത്രികളിലേക്ക് മാറ്റിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്നു ദിവസത്തിനിടെ പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദ് പരിസരത്തുനിന്ന് 1,584 പേരെ മാറ്റിപ്പാർപിച്ചതായും കെജ്രിവാൾ അറിയിച്ചു. ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച 441 പേർ ഒഴികെയുള്ളവരെ ക്വാറന്റെെനിലേക്കും മാറ്റിയിട്ടുണ്ട്. Read More

21:24 (IST)31 Mar 2020

വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടി മരിച്ചു

മംഗളുരു വഴി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടെ മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരിക്കുക ആയിരുന്നു. കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെ ആണ് ചികിത്സക്ക് ആശ്രയിച്ചിരുന്നത്.

21:10 (IST)31 Mar 2020

കോവിഡ്-19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് സംശയം

ഗുജറാത്തിൽ കോവിഡ്-19 സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സംശയിക്കുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ദർ. സംസ്ഥാനത്ത് ഇതുവരെ ആറുപേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് ഏറ്റവും ഒടുവിലായി മരണം റിപ്പോർട്ട് ചെയ്തത്. പരിശോധനാ ഫലം പോസിറ്റീവ് ആയ കുറഞ്ഞത് 10 പേർക്കെങ്കിലും അണുബാധയുടെ ഉറവിടം അജ്ഞാതമായി തുടരുന്നുവെന്ന് പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു. Read More

20:17 (IST)31 Mar 2020

യൂറോപ്പിലെ 232 പേരെ സ്വദേശത്തേക്ക് യാത്രയാക്കി

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള  ലോക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരൻ മാരെ  സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കി. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെയാണ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിച്ചശേഷമാണ് യൂറോപ്പിലേയ്ക്ക് യാത്രയാക്കിയത്. വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്കുകള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ കുടുങ്ങിയ ജര്‍മ്മന്‍ പൗരൻ മാരെ  തിരികെയെത്തിക്കാനുള്ള ജര്‍മ്മന്‍ എംബസിയുടെ പരിശ്രമത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നല്‍കിയത്. ജര്‍മ്മന്‍കാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു.

20:14 (IST)31 Mar 2020

സൗജന്യ റേഷൻ വിതരണം നാളെ ആരംഭിക്കും

20:11 (IST)31 Mar 2020

കോവിഡ്-19: സൗജന്യ റേഷൻ വിതരണം നാളെമുതൽ, നിർദേശങ്ങളുമായി സർക്കാർ

കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻ കടകളിലെ തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. കാർഡ് നമ്പറുകളനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിലായി റേഷൻ വിതരണം ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read More

20:02 (IST)31 Mar 2020

ലോക്ക് ഡൗണ്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറു ലക്ഷം പേര്‍

ലോക്ക് ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് ആറ് ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാമ്പില്‍. 61,000 ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയ തൊഴിലാളികള്‍ക്കു ഭക്ഷണം, പോഷകവസ്തുക്കള്‍, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കഴിഞ്ഞ ദിവസം കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങുന്നതു വൈറസ് പടരാനിടയാക്കുമെന്നതിനാല്‍ റോഡിലിറങ്ങിയവരെ സമീപത്തെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി നിര്‍ദേശം നല്‍കിയത്. ബലപ്രയോഗമോ ഭീഷണിയോ പ്രയോഗിക്കരുതെന്നും അഭയകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിനു പകരം സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും സിജെഐ നിര്‍ദേശിച്ചു.

20:01 (IST)31 Mar 2020

‘ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്, വിളിക്കുമായിരിക്കും’; കേന്ദ്രമന്ത്രിമാരെ കുറിച്ച് മുഖ്യമന്ത്രി

കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ ഫോണിൽ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More

19:59 (IST)31 Mar 2020

പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിനായി മൊബൈൽ ആപ്പ്

കോവിഡ് അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിനായി മൊബൈൽ ആപ്പ് പുറത്തിറക്കി. ജനമൈത്രി പൊലീസും ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. ”blueTeleMed’ എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ആപ്പ് സൗജന്യമായി ഉപയോഗിക്കാം.

19:55 (IST)31 Mar 2020

നിരോധനം ലംഘിച്ചു യാത്ര: ഇന്ന് 1481 പേര്‍ക്കെതിരെ കേസ്

കോവിഡ് ഭീഷണിയെത്തുടർന്നുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് 1430 പേർ അറസ്റ്റിലായി. 987 വാഹനങ്ങളും പിടിച്ചെടുത്തു.

19:20 (IST)31 Mar 2020

‘വീട്ടിലിരിക്കൽ’ ഗാർഹിക അതിക്രമത്തിന് കാരണമാകരുത്: മുഖ്യമന്ത്രി

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ ഗാർഹിക അതിക്രമങ്ങളിലേക്ക് വഴിവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടില്‍ തുടര്‍ച്ചയി കഴിയുമ്പോള്‍ അപൂര്‍വം വീടുകളില്‍ ഗാര്‍ഹിക അതിക്രമം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഇരകൾ. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ വലിയ തോതില്‍ പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. Read More

18:51 (IST)31 Mar 2020

മംഗലാപുരത്തെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ അനുവദില്ല

മംഗലാപുരത്ത് രോഗികളുടെ അമിത തിരക്ക് അനുഭവപ്പെടുന്നതിനാൽ കേരളത്തിൽ നിന്നുള്ള രോഗി ക ളെ അനുവദിക്കാനാവില്ലന്ന് കർണ്ണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിoഗ് നവാഡെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ കർണ്ണാടകത്തെ നിർബന്ധിക്കരുതെന്നും കർണ്ണാടക എ ജി നിലപാട് വിശദീകരിച്ചു. കാസർകോട് ജില്ലയിലെ അതിർത്തി റോഡുകൾ അടച്ചതിനെതിരായ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കർണ്ണാടക നിലപാട് വ്യക്തമാക്കിയത്.

18:25 (IST)31 Mar 2020

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും; നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും നൽകുന്നതിൽ സ്വീകരിച്ച നടപടികൾ അറിയിക്കാണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഏപ്രിൽ മുന്നിനകം ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. 

18:10 (IST)31 Mar 2020

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോടും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയലിുള്ളവരുടെ എണ്ണം 215 ആയി.

17:50 (IST)31 Mar 2020

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ `സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ’

കോവിഡ് 19 ലോക്ക് ടൗണിന്റെ പശ്ചാത്തലത്തില്‍  ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം മന്ത്രാലയം  അവര്‍ക്കു ഇന്ത്യയിൽ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിന്   പോര്‍ട്ടല്‍ ആരംഭിച്ചു. ‘സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ ‘പോർട്ടൽ വിദേശ രാജ്യങ്ങളിൽ  നിന്നും  ഇന്ത്യയിലെത്തി  വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ  സഞ്ചാരികള്‍ക്ക് ഒരു കൈത്താങ്ങാകും എന്നാണ് പ്രതീക്ഷിക്കുന്നത്

17:49 (IST)31 Mar 2020

മാസ്‌കില്ല, പകരം ഹെല്‍മെറ്റും മഴക്കോട്ടും; കോവിഡിനെതിരെ ഇന്ത്യൻ ഡോക്ടർമാരുടെ പോരാട്ടം

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ, സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ 1251 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 32 പേര്‍ രോഗം ബാധിച്ച് മരിച്ചു. Read More

17:17 (IST)31 Mar 2020

ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുകോടി രൂപ നല്‍കി

കോവിഡ്- 19 വ്യാപനത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കി. ചെക്ക് രജിസ്ട്രാര്‍ കൈമാറി.

 

17:15 (IST)31 Mar 2020

രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു, മരണം 39000 നടുത്ത്

കോവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 ത്തിനടുത്തെത്തി. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്.

17:14 (IST)31 Mar 2020

ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ അഭയകേന്ദ്രങ്ങളിൽ

ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ അഭയകേന്ദ്രങ്ങളിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. 23 ലക്ഷം തൊഴിലാളികൾക്ക് ഭക്ഷണം നല്കുന്നുണ്ടെന്നും ആഭ്യന്ത്ര മന്ത്രാലയം.

16:48 (IST)31 Mar 2020

മദ്യം വീട്ടിലെത്തിച്ച് കൊടുക്കാൻ മേഘാലയ സർക്കാരിന്റെ അനുമതി

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നപ്പോൾ, സമൂഹത്തിന്റെ താഴേ തട്ടിലുള്ളവർക്കായി അസം നിരവധി ആശ്വാസനടപടികൾ പ്രഖ്യാപിച്ചു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ, ആവശ്യമുള്ളവർക്ക് വീട്ടിലേക്ക് മദ്യം എത്തിക്കാനുള്ള നടപടികളാണ് മേഘാലയ സർക്കാർ സ്വീകരിക്കുന്നത്. ഇതിന് സർക്കാർ അനുമതി നൽകി. ഇതുവരെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. Read More

16:11 (IST)31 Mar 2020

മദ്യം നൽകണമെങ്കിൽ ഡോക്ടറുടെ കുറിപ്പിൽ സീൽ വേണം

സംസ്ഥാനത്ത് മദ്യം വാങ്ങാനെത്തുന്നവർകൊണ്ടുവരുന്ന ഡോക്ടറുടെ കുറിപ്പിൽ സീൽ വേണമെന്ന് എക്സൈസ്. സീൽ പതിക്കാതെ കുറിപ്പടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. എത്ര അളവിൽ, ഏത് സമയത്ത് മദ്യവിതരണം നടത്തണമെന്നതിലടലക്കം ഇനിയും വ്യക്തതയില്ല. അതിനാൽ കുറിപ്പടിയുമായി എത്തിയ മൂന്ന് പേരെ തിരുവനന്തപുരത്ത് അധികൃതർ തിരിച്ചയച്ചു. മദ്യം കൊടുക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള മാർഗ നിർദ്ദേശങ്ങൾ എക്സൈസ് കമ്മീഷണർ ഇന്ന് പുറത്തിറക്കും. ഇതിന് ശേഷമാകും ഇത്തരത്തിൽ വിതരണം നടത്തുക.

15:58 (IST)31 Mar 2020

കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ വിഷുവിന് ദർശനമില്ല

കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കുറി ശബരിമലയിൽ വിഷുവിന് ദർശനമുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിൽ തീരുമാനമായി. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തർക്ക് പ്രവേശനം വിലക്കിക്കൊണ്ടും പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവുകളുടെ കാലാവധി 31-3-2020ന് അവസാനിക്കും. അതിനാല്‍ ഈ ഉത്തരവുകളുടെ കാലാവധി 14-4-2020 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായിട്ടുണ്ട്.

15:42 (IST)31 Mar 2020

കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

“60 വയസ്സിനു മുകളിലുള്ള വ്യക്തിയെ ഉയർന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കുന്നതിനാൽ കോവിഡ് -19 ചികിത്സയിലെ അപൂർവമായ ഒരു അധ്യായമാണിത്. അവരുടെ ജീവൻ രക്ഷിക്കാനായതിനെ അപൂർവ നേട്ടം എന്ന് വിളിക്കാം. എന്തും സംഭവിക്കാമെന്നതിനാൽ അവരുടെ അതിജീവനം ഭാഗ്യമാണെന്ന് ഞാൻ പറയും. തോമസിനെ നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതിയ ആറ് അവസരങ്ങളുണ്ട്. ദൈവം അവരെ അനുഗ്രഹിച്ചു,” ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജിത് കുമാർ ആർ പറഞ്ഞു. Read More

15:27 (IST)31 Mar 2020

ഏപ്രിൽ ഫൂൾ – വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി

ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്. 

14:53 (IST)31 Mar 2020

നിയമം തെറ്റിച്ചിട്ടില്ലെന്ന് നിസാമുദ്ദീൻ മര്‍ക്കസ്‌, സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

നിസാമുദ്ദീനിൽ ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ചാണ് സമ്മേളനം നടത്തിയതെന്ന റിപ്പോർട്ടുകളെ തളളി മര്‍ക്കസ്‌ അധികൃതർ. മാർച്ച് 31 വരെ എല്ലാ ട്രെയിൻ സർവീസുകളും സർക്കാർ നിർത്തിവച്ചതോടെ സമ്മേളനത്തിൽ പങ്കെടുത്ത വലിയൊരു സംഘം മർക്കസിൽ കുടുങ്ങുകയായിരുന്നുവെന്ന് അവർ വിശദീകരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് ഇവർക്ക് വീടുകളിലേക്ക് വാഹനം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ലെന്നും മര്‍ക്കസ്‌ അധികൃതർ വ്യക്തമാക്കി.

14:34 (IST)31 Mar 2020

സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

നികുതിയുള്‍പ്പടെയുള്ള എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത് സര്‍ക്കാരിന് വലിയ മുതല്‍ മുടക്കാണ് വേണ്ടിവരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചെലവുണ്ട്. എല്ലാവര്‍ക്കും സൗജന്യറേഷനും കിറ്റും നല്‍കുന്നത് നല്ല സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. Read More

14:16 (IST)31 Mar 2020

പത്തനംതിട്ട ജില്ലയിൽ ഏപ്രിൽ 14 വരെ നിരോധനജ്ഞ

കോവിഡ-19 രോഗ വ്യാപനം ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം മാർച്ച് 31 അർധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനജ്ഞ ഏപ്രിൽ 14 അർധരാത്രി വരെ നീട്ടിയതായി പത്തനംതിട്ട കലക്ടർ പിബി നൂഹ് അറിയിച്ചു. 

14:00 (IST)31 Mar 2020

ഇടുക്കിയിൽ കൊവിഡ് ബാധിച്ച പൊതുപ്രവർത്തകന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്

ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധിച്ച പൊതുപ്രവർത്തകൻറെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. രണ്ട്, മൂന്ന് ഫലങ്ങൾ നെഗറ്റീവായതോടെ വൈകാതെ ഇയാൾക്ക് ആശുപത്രി വിടാം. എന്നാൽ വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. വീട്ടിലേക്ക് വിട്ടാലും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.

13:53 (IST)31 Mar 2020

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ; വൈറലായി പൊലീസുകാരിയുടെ പാട്ട്

കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ​ ശ്രദ്ധ നേടുകയാണ് ഒരു പൊലീസുകാരിയുടെ പാട്ട്. ‘തകർക്കണം തകർക്കണം നമ്മളീ കൊറോണയെ,’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ദീപയാണ്. തൊട്ടിൽപാലം ജനമൈത്രി പൊലീസ് ആണ് ഈ കൊറോണ ഗാനത്തിനു പിന്നിൽ. അബ്ദുള്ളക്കുട്ടിയുടേതാണ് രചന. Read More

13:04 (IST)31 Mar 2020

കൊറോണ ലോക്ക്ഡൗൺ: കീം 2020 പരീക്ഷ മാറ്റിവച്ചു

കൊറോണ വൈറസ് പശ്ചാത്തലത്തിൽ എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള കീം 2020 (KEAM 2020) പരീക്ഷ മാറ്റിവച്ചു. ഏപ്രിൽ 20, 21 തീയതികളിലായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

12:21 (IST)31 Mar 2020

അതിർത്തി തുരക്കാൻ തീരുമാനം

കർണാടക അതിർത്തിയിലെ രണ്ടു റോഡുകൾ തുറക്കാൻ തീരുമാനം .കണ്ണുർ – സുൽത്താൻ ബത്തേരി-ഗുണ്ടൽ പെട്ട് – മൈസൂർ,
കണ്ണൂർ – ഇരിട്ടി – മാനന്തവാടി -സർഗൂർ – മൈസൂർ റോഡുകൾ തുറക്കാനാണ് തീരുമാനം.റോഡുകൾ അടച്ചിട്ടതിനെതിരായ പൊതുതാൽപര്യ ഹർജിയിൽ ഈ രണ്ടു റോഡുകളും തുറക്കാമെന്ന് കർണ്ണാടക
അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിക്ക് ഉറപ്പു നൽകി.

11:55 (IST)31 Mar 2020

Explained: കൊറോണവൈറസിന് വസ്ത്രങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമോ?

നിങ്ങളുടെ വസ്ത്രങ്ങളില്‍ കൊറോണവൈറസ് അതിജീവിക്കുമോ. അതിജീവിക്കുമെങ്കില്‍ എത്ര സമയം. ആദ്യ ചോദ്യത്തിന് ഉത്തരം അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ്. പക്ഷേ, എത്ര സമയത്തേക്ക് എന്നത് വ്യക്തമല്ല. പ്ലാസ്റ്റിക്, സ്റ്റീല്‍, കാര്‍ഡ്‌ബോര്‍ഡ് തുടങ്ങിയ പ്രതലങ്ങളിലും വായുവിലും വൈറസ് എത്ര സമയം ജീവിക്കുമെന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു കഴിഞ്ഞു. പക്ഷേ, ആരും ഫാബ്രിക്കിനെ ആരും പരിഗണിച്ചിട്ടില്ല. Read More

11:32 (IST)31 Mar 2020

കോവിഡ്‌ മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി: ആരോഗ്യമന്ത്രി

കേരളത്തിലെ രണ്ട് കോവിഡ് മരണങ്ങളും തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നു. എന്നാൽ രണ്ടു പേരുടേയും പ്രായവും ഇരുവർക്കും ഹൃദ്രോഗവും മറ്റു ചില അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നതും തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

11:11 (IST)31 Mar 2020

അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിച്ചു നൽകും

അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിച്ചു നൽകും. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതിയാകും.

11:06 (IST)31 Mar 2020

കാസർഗോഡ് നിരീക്ഷണം ശക്തം

ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്ത ആറുപ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്.

10:50 (IST)31 Mar 2020

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം സംസ്കാര ചടങ്ങുകൾ

കോവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുടെ മൃതദേഹവും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സംസ്കരിക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

10:39 (IST)31 Mar 2020

പരപ്പനങ്ങാടിയിൽ രണ്ട് പേര്‍ക്ക് കൊവിഡ് എന്ന് പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി വളര്‍ത്താൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ . മലപ്പുറം പരപ്പങ്ങാടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത്. കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്.

10:20 (IST)31 Mar 2020

നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റിങ് തുടങ്ങിയിട്ടില്ല.

09:19 (IST)31 Mar 2020

മരണം ഇന്നലെ രാത്രി

ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടിയാണ് മരണം സംഭവിച്ചത്. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു.

09:18 (IST)31 Mar 2020

ലോക്ക്ഡൗൺ: ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങൾ, എന്നാൽ ആളുകളിലേക്ക് എത്തുന്നതിൽ പരാജയപ്പെടാൻ കാരണം ഇത്

മാർക്കറ്റുകൾ അടയുമ്പോൾ, തൊഴിലാളികൾ പിന്മാറുമ്പോൾ, ഗതാഗത സൗകര്യങ്ങൾ നിലയ്ക്കുമ്പോൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിൽ ഇന്ത്യ നീങ്ങുന്നത് ഭക്ഷ്യ ക്ഷാമത്തിലേക്കോ? ഈ ചോദ്യത്തിന് ഒരുപക്ഷെ അതേ എന്ന ഉത്തരം പറയേണ്ടി വന്നേക്കാം, ഈ മേഖലകളിൽ വേണ്ട ചുവടുകൾ സ്വീകരിക്കാതെ വന്നാൽ. നിലവിൽ രാജ്യത്തിന് ആവശ്യമായതിലധികം ഭക്ഷ്യവിഭവങ്ങൾ സംഭരണത്തിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. Read More

09:14 (IST)31 Mar 2020

സംസ്ഥാനത്ത് രണ്ടാം കോവിഡ് മരണം

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയും മരിച്ചു. 69 വയസുള്ള ഇയാളുടെ ജീവൻ ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും നിലവിൽ നിരീക്ഷണത്തിലാണ്.

08:29 (IST)31 Mar 2020

ഇന്ത്യയിൽ ഇതുവരെ 1251 പേർക്ക് രോഗബാധ

ഇന്ത്യയിൽ ഇതുവരെ 1251 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32 പേർക്ക് ഇതുവരെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഇവരിൽ 1117 പേർ ചികിത്സയിലാണ്. 101 പേർക്ക് രോഗം ഭേദമായി.

08:29 (IST)31 Mar 2020

നിയന്ത്രണങ്ങളിൽ നിസാമുദ്ദീൻ

ഇതോടെ ഡൽഹി നിസാമുദ്ദീൻ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. നൂുകണക്കിന് പൊലീസുകാരും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഡൽഹിയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത 25 പോസിറ്റീവ് കേസുകളിൽ 18 ഉം നിസാമുദ്ദീൻ മേഖലയിൽ നിന്നുമാണ്. ഇതോടെ ഡൽഹിയിൽ ആകെ കൊറോണ കേസുകളുടെ എണ്ണം 97 ആയി.

08:28 (IST)31 Mar 2020

കോവിഡ്-19 ബാധിച്ച് മരിച്ചവരിൽ അഞ്ച് പേർ ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവർ; നിരീക്ഷണം ശക്തം

കർശനമായ നനിയന്ത്രണങ്ങൾക്കും ലോക്ക്ഡൗണിനുമിടയിലും ഭരണ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കി ഡൽഹിയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യതകൾ വർധിക്കുന്നു. നിസ്സാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന ഒരു മതസമ്മേളനത്തിൽ പ‌ങ്കെടുത്ത നിരവധി ആളുകളെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. തെലങ്കാനയിൽ മരിച്ച അഞ്ചുപേരും ഈ ചടങ്ങിൽ പങ്കെടുത്തവരാണെന്ന കാര്യം ആശങ്ക വർധിപ്പിക്കുന്നു.

08:28 (IST)31 Mar 2020

സ്വാഗതം

കോവിഡ്-19 ലോകത്താകമാനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മറ്റൊരു വാർത്ത ദിനത്തിലേക്ക് കടക്കുകയാണ്. വൈറസിന്റെ വ്യാപനവും പ്രതിരോധവുമായി ബന്ധപ്പെട്ട വാർത്തകൾ തത്സമയം നിങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്ത്യൻ എക്സപ്രസ് മലയാളം ഈ ലിങ്കിലൂടെ. തുടരാം വ്യക്തവും കൃത്യവുമായ വാർത്തകൾക്കായി.

Covid-19 Live Updates: ലോകത്താകമാനം പടർന്നു പിടിച്ച കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം 37000 കടന്നിരിക്കുകയായിരുന്നു. ഉദ്ഭവകേന്ദ്രമായ ചൈനയിൽ നിന്ന് ഇപ്പോൾ യൂറോപ്പാണ് വൈറസിന്റെ ആഘാതം പേറുന്നത്. ഇറ്റലിയിലും സ്‌പെയിനിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർധിക്കുകയാണ്. ഇപ്പോൾ അമേരിക്കയിലും അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ് മൂലം ബ്രിട്ടനിലും മരണം 1400 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ സ്‌പെയിനിൽ മാത്രം മരിച്ചത് 913 ആയി. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധമൂലം മരിച്ചത് 7716 ആണ്. രോഗവ്യാപനം വൈകാതെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും പിന്നീട് കേസുകള്‍ കുറയുമെന്നുമാണ് സ്‌പെയിനിലെ ആരോഗ്യ വിദഗ്ധരുടെ നിഗമനം.ഇറ്റലിയിൽ ഇതുവരെ മരിച്ചത് 11951 ആളുകളാണ്. ഇന്നലെ മാത്രം 812 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.

കോവിഡ്-19 ബാധിച്ച ഇടുക്കിയിൽ പൊതുപ്രവർത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. രണ്ട്, മൂന്ന് ഫലങ്ങൾ നെഗറ്റീവായതോടെ വൈകാതെ ഇയാൾക്ക് ആശുപത്രി വിടാം. വീട്ടിലേക്ക് വിട്ടാലും 14 ദിവസത്തെ നിരീക്ഷണത്തിലായിരിക്കും ഇയാൾ കഴിയുക. അതേസമയം പൊതുപ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ട ഒരാൾക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പൊതുപ്രവർത്തകൻ സംസ്ഥാനത്തിനകത്ത് തന്നെ നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്. ഇതിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരുമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 live updates kerala india death toll and affected

Next Story
കോവിഡ്-19: ലോകത്ത് മരണം 37,000 കടന്നു; സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത് 913 പേർcoronavirus outbreak, കൊറോണ വൈറസ്, coronavirus china outbreak, coronavirus death toll, coronavirus wuhan, coronavirus cases, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com