scorecardresearch

കോവിഡ് വ്യാപിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്നു; രാഹുൽ ഗാന്ധി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാരിനെതിരെ രാഹുൽ പ്രതികരിച്ചില്ല

Rahul Gandhi, രാഹുൽ ഗാന്ധി, Hathras Rape Case, ഹത്രാസ് പീഡനക്കേസ്, Rahul Congress, കോൺഗ്രസ് രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം
Express photo by Gajendra Yadav

വയനാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അതിരൂക്ഷമായി വിമർശിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലക്‌ടറേറ്റിലാണ് യോഗം ചേർന്നത്. രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്‌പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എല്ലാവരും കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തള്ളാതെ രാഹുൽ

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്‌തികരമെന്ന് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രസ്‌താവന രാഹുൽ തള്ളി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കോവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമാണെന്നും ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

Read Also: എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ മിണ്ടാതെ രാഹുൽ

സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാരിനെതിരെ രാഹുൽ പ്രതികരിച്ചില്ല. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമില്ല. നീതിപൂര്‍വ്വമായ അന്വേഷണം നടക്കട്ടേയെന്നും ഇതിലൂടെ സത്യം പുറത്ത് വരട്ടെയെന്നും രാഹുല്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 kerala wayanad visit rahul gandhi