ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി വർധിക്കുകയാണ്. കോവിഡ് പൊട്ടിപുറപ്പെട്ട് എട്ട് മാസങ്ങൾക്കുള്ളിൽ ഇതുവരെ 1.68 കോടിയിലധികം ലോകജനതയ്ക്കാണ് കോവിഡ് വൈറസ് പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ കൃത്യമായ കണക്കുകളിൽ ഇത് 1,68,12,755 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6.75 ലക്ഷം കവിഞ്ഞു. ഒരു കോടിയിലധികം ആളുകൾ രോഗമുക്തി നേടിയെന്നത് ആശ്വാസകരമായ കാര്യമാണ്.

ഇന്ത്യയിൽ ഇന്നലെ മാത്രം അരലക്ഷത്തിലധികം (52123) പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 9,88,029 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ 775 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്, ഇതോടെ മരണസംഖ്യ 34,968 ആയി. ഇന്ത്യയിൽ മരണനിരക്ക് 2.23 ശതമാനമാണെങ്കിൽ ആഗോളതലത്തിൽ ഇത് 4 സതമാനമാണ്.

Also Read: നാല് പോസിറ്റീവ് കേസ്, സമ്പര്‍ക്കത്തിലുള്ള 2123 പേര്‍ ‘നെഗറ്റീവ്’; ഇത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആലപ്പുഴ പാഠം

കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. രാജ്യത്ത് വൈറസുണ്ടാക്കിയ ആഘാതം ശക്തമായി തന്നെ തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 64,000ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,87,072 ആയി വർധിച്ചു.

Also Read: കോവിഡ്: വലിയ അപകടത്തിലേക്ക് കേരളം പോവാതിരുന്നതിനു കാരണം ചിട്ടയായ പ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ബ്രസീലില്‍ രോഗികള്‍ 26,10,102 ആയി ഉയര്‍ന്നു. 91,263 പേരാണ് ഇതുവരെ ബ്രസീലില്‍ മാത്രം രോഗത്തെ തുടര്‍ന്ന് മരിച്ചത്‌. 15,82,028 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. എന്നാൽ മരണനിരക്കിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. യുഎസും ബ്രസീലും കഴിഞ്ഞാല്‍ യുകെയും മെക്‌സിക്കോയും ഇറ്റലിയുമാണ് മരണനിരക്കില്‍ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍.

Also Read: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

കണക്കിൽ കേരളത്തിന് ഇന്നലെ ആശ്വാസദിനമായിരുന്നു എന്ന് പറയാമെങ്കിലും അത് പൂർണമല്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇന്നലെ 506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടി. ഈ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ വെബ് പോർട്ടലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്ക് മാത്രമാണ് ലഭ്യമായതെന്നും ബാക്കിയുള്ളത് പിന്നീട് വരുന്നതനുസരിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്നത്തെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook