scorecardresearch

Covid-19 Kerala India Highlights: കേരളത്തിൽ സമൂഹവ്യാപനമില്ല: ആരോഗ്യമന്ത്രി കെ.കെ ശൈലജ

Covid-19 Kerala India Highlights: പുറത്ത് നിന്നെത്തുന്ന രോഗികളില്‍ പലരും അവശനിലയിലാണെന്നും മന്ത്രി പറഞ്ഞു

Covid-19 Kerala India Highlights: കേരളത്തിൽ സമൂഹവ്യാപനമില്ല: ആരോഗ്യമന്ത്രി കെ.കെ ശൈലജ

Covid-19 Kerala India Highlights: കേരളത്തിൽ കോവിഡ് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മേയ് ഏഴിന് ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി മന്ത്രി പറഞ്ഞു. മേയ് ഏഴ് വരെ 512 രോഗികളേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം രോഗികള്‍ വളരെയധികം വര്‍ധിച്ചു. പുറത്ത് നിന്നെത്തുന്ന രോഗികളില്‍ പലരും അവശനിലയിലാണെന്നും മന്ത്രി പറഞ്ഞു. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ്‌ കുറവാണെന്ന് പറയുന്നതിന്‍റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് കോവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്‍റേത്.

Read in English: Coronavirus India LIVE Updates

Live Blog

Covid-19 Kerala India Live Updates: കോവിഡ് വാർത്തകൾ തത്സമയം

18:02 (IST)29 May 2020

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, തത്സമയം
16:35 (IST)29 May 2020

ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാകുക. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.

16:35 (IST)29 May 2020

ആപ്പിന്റെ പ്രശ്നം എന്ത്?

ഒടിപി എസ്എംഎസ് അയക്കുന്നതിലെ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തിയിട്ടും അത് ഫലിക്കുന്നില്ലെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍. ഒരേ സമയം ധാരാളം പേര്‍ ആപ് ഉപയോഗിച്ച് ടോക്കണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒടിപി എസ്എംഎസ് അയക്കുന്നതില്‍ തുടരുന്ന പാകപ്പിഴകളാണ് ബെവ് ക്യൂ ആപ്പിന് തലവേദന സൃഷ്ടിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ആദ്യ ദിവസം ഒടിപി പ്രശ്‌നം വന്നപ്പോള്‍ എസ്എംഎസ് അയക്കുന്നതിനായുള്ള ബള്‍ക്ക് എസ്എംഎസ് സേവനദാതാക്കളുടെ എണ്ണം ഒന്നില്‍ നിന്നും മൂന്നായി വർധിപ്പിച്ചിരുന്നു. എങ്കിലും ഇത്രയധികം ട്രാഫിക് ഈ സേവന ദാതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. വിശദമായി വായിക്കാം

16:33 (IST)29 May 2020

ഫെയർകോഡിനെതിരെ ജനങ്ങൾ

മദ്യവിൽപ്പനയ്‌ക്കായുള്ള വെർച്വൽ ക്യൂ ആപ് മദ്യപാനികൾക്ക് പണികൊടുത്തിരിക്കുകയാണ്. ഇന്നലെ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങൾ ഇന്നും തുടരുകയാണ്. ആപ് രൂപവത്‌കരിച്ച ഫെയർകോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ‘നേരാവണ്ണം ഒരു ആപ് ഉണ്ടാക്കാൻ അറിയില്ലേ’ എന്നാണ് കമ്പനിയോട് പലരും ചോദിക്കുന്നത്. ഫെയർകോഡ് ടെക്‌നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായി. ‘പോസ്റ്റുകൾ മുക്കിയല്ലേ?’ എന്നാണ് കമ്പനിയുടെ പേജിൽവന്ന് പലരും ഇപ്പോൾ ചോദിക്കുന്നത്. മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്‌ബുക്ക് പേജിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്‌സ്‌ബുക്ക് പേജിലുണ്ടായിരുന്നു.

16:32 (IST)29 May 2020

ബെവ് ക്യു ആപ്പ് തുടരും

സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ് ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്സൈസ് വകുപ്പ് തീരുമാനിച്ചു. നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വെര്‍ച്വല്‍ ക്യൂ ആപ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും എക്സൈസ് വകുപ്പ് തീരുമാനിച്ചു. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ് വഴി മദ്യവില്‍പ്പന പുനരാരംഭിച്ചത്.

15:44 (IST)29 May 2020

റെയില്‍വേ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന

ഗൗരവമായ മറ്റ് രോഗങ്ങളുള്ള വ്യക്തികളും, ഗര്‍ഭിണികളും, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും, 65 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികളും അത്യാവശ്യമല്ലാത്ത പക്ഷം, ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടോ, അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുന്ന പക്ഷം റെയില്‍വേ ജീവനക്കാരുമായോ ഹെല്‍പ്‌ലൈന്‍ നമ്പരുകളായ 139, 138 എന്നിവയിലോ ബന്ധപ്പെടേണ്ടതാണ്.

14:49 (IST)29 May 2020

ഡൽഹിയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു

ഡൽഹിയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പേ‍ർക്ക് രോഗം ബാധിച്ചു. ഒരു ദിവസം റിപ്പോ‍ർട്ട് ചെയ്‍ത ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതർ 17,386 ആയി. മരണ സംഖ്യ 398 ആയി ഉയര്‍ന്നു. ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയതാണ് മരണനിരക്കിൽ പെട്ടെന്ന് വർദ്ധനയുണ്ടാകാൻ കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

14:48 (IST)29 May 2020

കോഴിക്കോട്ടെ കോവിഡ് ബാധിതനായ മത്സ്യത്തൊഴിലാളിയുടെ സമ്പ‍ർക്കപ്പട്ടികയിൽ 86 പേ‍ർ

കോഴിക്കോട് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 86 പേർ. തൂണേരി, പുറമേരി, കുന്നുമ്മൽ, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിൽപ്പെട്ടവരുമാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. തൂണേരിയിൽ 9 ബന്ധുക്കൾ ഉൾപ്പെടെ 34 പേർ.പുറമേരി 32,വളയം -2, കുന്നുമ്മൽ;എടച്ചേരി -6 , വടകര മുനിസിപ്പാലിറ്റിയിൽ -9 എന്നിങ്ങനെയാണ് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ എണ്ണം.

13:09 (IST)29 May 2020

കോവിഡ് കണ്ടെത്തി, പിന്നാലെ ആത്മഹത്യാ ശ്രമം

കോവിഡ് കണ്ടെത്തിയതിന് പിന്നാലെ ദില്ലി അതിർത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നഴ്സിനെ ഇന്നലെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇവരെ അവസാനനിമിഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോൾത്തന്നെ ഇവരുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു.

11:27 (IST)29 May 2020

കേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവും. പലരും അവശനിലയിലാണെത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി അറിയിച്ചു. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ്‌ കുറവാണെന്ന് പറയുന്നതിന്‍റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

10:23 (IST)29 May 2020

കെട്ടിപ്പിടിക്കരുത് ഉമ്മവയ്ക്കരുത്, മാസ്‌കും ഗ്ലൗസും നിര്‍ബന്ധം; സിനിമ, ടിവി ചിത്രീകരണ നിർദേശങ്ങൾ

ലോക്ക്ഡൗണ്‍ ഇളവുകൾക്ക് പിന്നാലെ വിനോദ വ്യവസായ മേഖല ചിത്രീകരണം പുനരാരംഭിക്കുമ്പോൾ നടപ്പിലാക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി. 37 പേജുള്ള “പുതിയ വർക്കിംഗ് പ്രോട്ടോക്കോളി”ൽ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. Read More

10:21 (IST)29 May 2020

കോവിഡ് ബാധിത രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം; മരണത്തിൽ ചൈനയെ മറികടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. മരണ സംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു.  ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 1,65,386 പേര്‍ക്കും. Read More

10:21 (IST)29 May 2020

ആഗോളതലത്തിൽ 58 ലക്ഷത്തിലധികം രോഗികൾ

ലോകമെമ്പാടും 58,08,000 ത്തിലധികം ആളുകൾക്ക് വൈറസ് ബാധിയ്ക്കുകയും 3,60,308 പേർ മരിയ്ക്കുകയും ചെയ്തു. അമേരിക്കയിൽ ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു.

10:20 (IST)29 May 2020

ഇന്ത്യയിൽ ഒറ്റദിവസം 7,000ത്തിന് മുകളിൽ രോഗികൾ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,500 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 175 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 1,65,799 ആയി ഉയർന്നു, മരണസംഖ്യ 4,706. 71,105 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

Covid-19 Kerala India Live Updates: ഡൽഹിയിൽ കോവിഡ് -19 ബാധിതരുടെ എണ്ണം 16,281 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1024 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 316 പേരാണ് നഗരത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 kerala india death toll total cases global infections live updates