തിരുവന്തപുരം: കോവിഡ് പ്രതിസന്ധി നാലുമാസം പിന്നിട്ടതോടെ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ജീവിതമാര്‍ഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎസ്) മാറുന്നു. വീടുകളിലെ സാമ്പത്തിക ഞെരുക്കവും നഗരങ്ങളില്‍ ജോലികളില്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെറുപ്പക്കാര്‍ ഈ പുതിയ വരുമാനമാര്‍ഗത്തിലേക്ക് എത്തുന്നത്. നേരത്തെ മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്ത പ്രായമായ സ്ത്രീകളുടെ അവസാന ആശ്രയം എന്ന നിലയിലാണ് തൊഴിലുറപ്പ് പദ്ധതി കേരളത്തിലുടനീളം മുദ്രകുത്തപ്പെട്ടിരുന്നത്.

ഓട്ടോമൊബൈല്‍ എന്‍ജിനീയറായ കെപി കൃഷ്ണകുമാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ വരുമാനമാര്‍ഗം കണ്ടെത്തിയവരില്‍ ഒരാളാണ്. പത്തനംതിട്ട തോട്ടപുഴശേരി ഗ്രാമത്തിലാണു ഇരുപത്തി മൂന്നുകാരനായ കൃഷ്ണകുമാര്‍ തൊഴിലുറപ്പ് പണിക്കിറങ്ങിയിരിക്കുന്നത്.

”ഇത് ലഭ്യമായ ഒരേയൊരു ജോലിയാണ്. ഞാന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്,” ഒരു പ്രാദേശിക ഓട്ടോമൊബൈല്‍ ഡീലറില്‍നിന്ന് ജോലി നഷ്ടപ്പെട്ട കൃഷ്ണ കുമാര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ അഞ്ച് ബിരുദധാരികളാണു തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇവിടെ ആദ്യമായാണു പുരുഷന്മാര്‍ പദ്ധതിയുടെ ഭാഗമാകുന്നത്. ”അഴിയൂര്‍ പഞ്ചായത്തില്‍ നേരത്തെ 1,537 തൊഴിലാളികളുണ്ടായിരുന്നത്. എല്ലാം സ്ത്രീകളായിരുന്നു,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read: രോഗവ്യാപനം അതിരൂക്ഷം; കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റം

ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരെ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ക്കാന്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ബേഡഡ്ക പഞ്ചായത്ത്. ജോലി നഷ്ടപ്പെട്ടവരില്‍ നാലുപേര്‍ കഴിഞ്ഞയാഴ്ച പദ്ധതിയില്‍ ചേര്‍ന്നതായി പ്രസിഡന്റ് സി രാമചന്ദ്രന്‍ പറഞ്ഞു.

”ഒരു പുതിയ പ്രവണത രൂപപ്പെട്ടിട്ടുണ്ട്. സാധാരണയായി, തൊഴിലാളികളില്‍ 91 ശതമാനവും സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും 40 വയസിനു മുകളിലുള്ളവരും. ഇപ്പോള്‍ നിരവധി യുവതീ-യുവാക്കള്‍ പദ്ധതിയില്‍ ചേരുന്നുണ്ട്. പലരും അവരുടെ അമ്മമാര്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണു തൊഴിലിനു ചേര്‍ന്നത്, ” എംജിഎന്‍ആര്‍ഇജിഎസ് സംസ്ഥാന മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം കുടുംബങ്ങളാണ് പദ്ധതിയില്‍ പുതുതായി ചേര്‍ന്നത്. ഇപ്പോഴും എല്ലാ ജില്ലകളില്‍നിന്നും തൊഴില്‍ കാര്‍ഡിന് ആവശ്യക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പല ഗ്രാമങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളിലാണെങ്കിലും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനം കഴിഞ്ഞയാഴ്ച ആറ് ലക്ഷമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പിത് 6.40 ലക്ഷമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ശരാശരി അഞ്ച് മുതല്‍ അഞ്ചര ലക്ഷമായിരുന്നു പ്രതിദിന തൊഴിൽ ദിനം.

Also Read: കേരളത്തിന്റെ കോവിഡ്‌ വിജയകഥ എങ്ങനെ ഇല്ലാതായി? ബിബിസി ചോദിക്കുന്നു

55.73 ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കുടുംബത്തിനു ലഭിച്ച ശരാശരി തൊഴില്‍ ദിനം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ലെങ്കിലും നിലവില്‍ 18.26 ആണിത്.

”ഈ സാമ്പത്തിക വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 82 കുടുംബങ്ങള്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കി. അനവധി കുടുംബങ്ങള്‍ 60-90 ദിവസം പൂര്‍ത്തിയാക്കി. സാധാരണഗതിയില്‍, ഒരു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഈ പരിധിയിലെത്തുക,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 65 വയസിനു മുകളിലുള്ളവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നിട്ടും പ്രതിദിന തൊഴില്‍ എണ്ണം വര്‍ധിച്ചു. ഇത്, കൂടുതല്‍ യുവാക്കള്‍ അല്ലെങ്കില്‍ നിശ്ചിത തൊഴില്‍ പ്രായ ഗ്രൂപ്പിലുള്ളവര്‍ പദ്ധതിയില്‍ ചേര്‍ന്നതായി വ്യക്തമാക്കുന്നു,”  അദ്ദേഹം പറഞ്ഞു.

സേവന, നിര്‍മാണ മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ സാധ്യത തേടുന്നവരിലേറെയുമെന്ന് എന്‍ആര്‍ഇജിഎസ് ഫീല്‍ഡ് സ്റ്റാഫില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

”പല സ്ഥാപനങ്ങളും കുറച്ചു ജീവനക്കാരെ മാത്രമേ ജോലിക്കു നിയോഗിക്കുന്നുള്ളൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചശേഷവുമുള്ള ഗ്രാമീണമേഖലകളിലെ പൊതുഗതാഗതത്തിന്റെ അപര്യാപ്ത ഷോപ്പുകളിലോ മറ്റു ചെറുകിട സംരഭങ്ങളിലോ ഉള്ള ജോലിക്കായി നഗരപ്രദേശങ്ങളിലേക്കു യാത്രചെയ്യുന്ന പലരുടെയും തൊഴില്‍ നഷ്ടത്തിനു കാരണമായിട്ടുണ്ട്,” മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും വെെകും; സിലബസ് ചുരുക്കാനും സാധ്യത

സ്വന്തം ഗ്രാമത്തില്‍ തന്നെ തൊഴില്‍ ലഭിക്കുന്നതിനാപ്പം രണ്ടാഴ്ചയ്ക്കുള്ളില്‍ വേതനം അക്കൗണ്ടില്‍ എത്തുവെന്നത് തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ ആകര്‍ഷമാക്കിയിട്ടുണ്ട്. പദ്ധതിക്കുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വളരെ പെട്ടെന്ന് ലഭ്യമാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍, മാസങ്ങളോളം വൈകിയാണു തൊഴിലാളികള്‍ക്കു കൂലി ലഭിച്ചിരുന്നത്.

”എനിക്ക് ഇതിനകം 12 ദിവസത്തെ തൊഴിൽ ലഭിച്ചു. ഇതിൽ, 291 രൂപ നിരക്കില്‍ നാല് ദിവസത്തെ കൂലി ലഭിച്ചു. എന്റെ സുഹൃത്തുക്കള്‍ക്കും പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ട്,” പത്തനംതിട്ട സ്വദേശിയായ കെ ബിബിന്‍ പറഞ്ഞു. ഇരുപത്തി മൂന്നുകാരനായ ബിബിന്‍ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായതിനെത്തുടര്‍ന്നാണു തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നത്.

മറ്റൊരു ജോലി വരുന്നതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ തുടരുമെന്ന് എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കൃഷ്ണകുമാര്‍ പറയുന്നു.

”എന്റെ ഗ്രാമത്തിലെ നിരവധി ചെറുപ്പക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാകാന്‍ വിമുഖത കാണിച്ചിരുന്നു. കാരണം, പ്രായമായ സ്ത്രീകളുടെ അവസാന ആശ്രയമാണെന്ന മുദ്ര ഈ പദ്ധതിക്കുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വഴി തെളിയുന്നതുവരെ ഞാന്‍ എന്‍ആര്‍ഇജിഎസില്‍ തുടരും,”കൃഷ്ണകുമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook