കൊറോണവൈറസ് വ്യാപനത്തെ തടയാന്‍ ലോക്ക് ഡൗണിനും കഴിയുമെന്നതിനുള്ള തെളിവുകള്‍ ഇറ്റലിയില്‍ നിന്നും പുറത്തുവരുന്നു. നേരത്തേ, ചൈനയും കടുത്ത ലോക്ക് ഡൗണ്‍ നടപടികളിലൂടെയാണ് കോവിഡ്-19-നെ നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക തിരിച്ചടി കാര്യമാക്കാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച (മാര്‍ച്ച് 21) 6,557 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച്ച ഇത് 5,560 ആയും തിങ്കളാഴ്ച്ച 4,789 ആയും കുറഞ്ഞിരുന്നുവെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നു. ചൊവ്വാഴ്ച്ചത്തെ കണക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കണക്കു കൂട്ടി വരുന്നതേയുള്ളൂ. കൂടാതെ മരണസംഖ്യയും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കുറഞ്ഞു. 743, 601 എന്നിങ്ങനെയാണ് കണക്കുകള്‍. ലോക രാജ്യങ്ങളില്‍ കോവിഡ് മൂലമുള്ള മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത് ഇറ്റലിയില്‍ ശനിയാഴ്ചയായിരുന്നു. 793 മരണങ്ങള്‍.

ഇറ്റലിയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുമെങ്കിലും അത് നീട്ടാനാണ് സാധ്യത. ഏതാനും ആഴ്ചകളോ മാസങ്ങളോ നീളുമെന്നാണ് സൂചന. വൈറസ് വ്യാപനം തടയാന്‍ കര്‍ശനമായ ലോക്ക് ഡൗണാണ് ഇറ്റലി ഏര്‍പ്പെടുത്തിയിരുന്നത്.

Read Also: നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത്: പിണറായി വിജയൻ

അതേസമയം, ഇറ്റലിയിലെ ആദ്യത്തെ രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരു മാസം മുമ്പാണ് ഇയാളെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. 38 വയസ്സുകാരനായ ഇയാള്‍ പേഷ്യന്‍ നമ്പര്‍ 1 എന്നാണ് അറിയുന്നത്. പ്രാദേശിക വ്യാപനത്തിന്റെ ആദ്യ ഉറവിടം ഇയാളാണെന്നാണ് കരുതപ്പെടുന്നത്. 18 ദിവസം ഇയാള്‍ ഐസിയുവില്‍ ആയിരുന്നു. ആദ്യ രോഗിയായി ഇയാളെ കരുതുന്നുവെങ്കിലും മുമ്പ് ന്യൂമോണിയ ബാധിച്ച മരിച്ചവരില്‍ ചിലര്‍ കൊറോണവൈറസ് ബാധിതരായിട്ടാകും മരിച്ചതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു.

വിജയം ആഘോഷിക്കാനുള്ള സമയം ഇതല്ലെന്നും എങ്കിലും പ്രത്യാശയുടെ പ്രകാശം കണ്ടു തുടങ്ങിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ലോകത്ത് കൊറോണവൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 6,820 പേര്‍. ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. 69,176 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Read Also: കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ: അറിയേണ്ടതെല്ലാം

മാര്‍ച്ച് 10-നാണ് രാജ്യത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന്‍പ്രകാരം, ജനത്തിന് ജോലിക്ക് പോകാനും ആഹാരവും മറ്റു അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കാനും വൃദ്ധരായ ബന്ധുക്കളെ പരിചരിക്കാനും കുറച്ച് നേരം നടക്കാനോ എക്‌സര്‍സൈസ് ചെയ്യാനോ മാത്രമേ പുറത്ത് പോകാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, രോഗം വ്യാപനം തുടര്‍ന്നത് കാരണം മാര്‍ച്ച് 22-ന് ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി. അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസ്സുകളും അടപ്പിച്ചു. മാറ്റിവയ്ക്കാന്‍ പറ്റാത്തതോ ആരോഗ്യപരമായ കാരണങ്ങളോ മറ്റ് അത്യാവശ്യ കാരണങ്ങളാലോ മാത്രമേ ജനത്തിന് പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook