ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. സ്ഥിതി വീണ്ടും സങ്കീർണമാകുന്നതായും ജാഗ്രത വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത വർധിപ്പിക്കണമെന്ന് മുന്നറിയിപ്പ്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്‌ഗഡ്, ഛണ്ഡിഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഈ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണവും വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇതു പരിഗണിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം വിളിച്ചു.
Read Also: പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് ശരണം വിളിച്ചതാകും; മോദിയെ പരിഹസിച്ച് പിണറായി
മാർച്ച് അവസാന രണ്ടാഴ്‌ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 90% കോവിഡ് പോസിറ്റീവ് കേസുകളും 90.5 % മരണവും കേരളം ഉൾപ്പെടെയുള്ള ഈ 11 സംസ്ഥാനങ്ങളിലാണ്. ഗ്രാമങ്ങളിലേക്കു വൈറസ് പടർന്നാൽ അപകടമേറുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കേസുകൾ 6.8% എന്ന നിരക്കിലാണ് മാർച്ചിൽ വർധിച്ചത്. മരണം 5.5% എന്ന നിരക്കിൽ വർധിക്കുന്നു. കോവിഡ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ നിർത്താൻ ശ്രദ്ധിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
മഹാരാഷ്ട്രയിലെ സ്ഥിതി കൂടുതൽ ഭയപ്പെടുത്തുന്നതാണെന്ന് കേന്ദ്രം പറയുന്നു. മുംബൈയിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. എന്നാൽ, രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ആലോചനയില്ല.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെയും 80,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ 6.58 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 1,15,69,241 പേർ ഇതുവരെ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം 481 പേർ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,913 പേർക്ക് രോഗം ബാധിച്ചു. കർണാടകയിൽ 4,900 പേർക്കും ഡൽഹിയിൽ 3,594 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.