ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65002 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകോ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം 996 മരണമാണ് ഇന്ത്യയിൽ കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണനിരക്കും അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 49036 മരണമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്.
അതേസമയം പ്രതിദിന കണക്കിൽ അമേരിക്കയെയും ബ്രസീലിനെയും മറിക്കടന്ന് ഇന്ത്യ ഒന്നാമതെത്തി. എട്ട് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.
ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. പ്രതിദിന സാമ്പിൾ പരിശോധന എട്ടു ലക്ഷത്തിനു മുകളിൽ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളിൽ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.
കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകും. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ഡിജിറ്റൽ മാറ്റത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രധാനമന്ത്രി അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിന സന്ദേശത്തിൽ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച കൊറോണ യോദ്ധാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.