scorecardresearch
Latest News

കോവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ രാത്രി കർഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഇവയാണ്

വെള്ളിയാഴ്ച ഇന്ത്യയില്‍ കോവിഡ് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ആറു മാസങ്ങൾക്ക് ശേഷം 10 ലക്ഷം കടന്നിരുന്നു

രാജ്യം അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുമ്പോൾ നിരവധി സംസ്ഥാനങ്ങളാണ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണും രാത്രി കർഫ്യുകളും ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ ലഭ്യത സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയെ സജ്ജമാക്കാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്നാണ് സംസ്ഥാന സർക്കാരുകൾ പറയുന്നത്.

വെള്ളിയാഴ്ച ഇന്ത്യയിലെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ ആകെ എണ്ണം ആറു മാസങ്ങൾക്ക് ശേഷം 10 ലക്ഷം കടന്നിരുന്നു. കോവിഡ് മൂലം 794 പേർക്ക് കൂടി മരണം സംഭവിച്ചു. കഴിഞ്ഞ ഒക്ടോബർ 18ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ കോവിഡ് മൂലം മരണം സംഭവിച്ചവരുടെ ആകെ എണ്ണം 1,68,436 ആയി ഉയർന്നു.

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള സംസ്ഥാനമായ മഹാരാഷ്ട്ര വെള്ളിയാഴ്ച രാത്രി 8 മണി മുതൽ രണ്ട് ദിവസത്തേക്ക് പൂർണമായ ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. ഏപ്രിൽ 4ന് രോഗ വ്യാപനം തടയുന്നതിനായി രാത്രി 8 മണി മുതൽ രാവിലെ 7 മണി വരെ രാത്രി കർഫ്യു ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതലുള്ള രണ്ടു ദിവസത്തെ ലോക്ക്ഡൗൺ തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക.

ഇതിനു പുറമെ പലചരക്ക്, പച്ചക്കറി, മരുന്ന് കടകൾ ഒഴികെയുള്ള എല്ലാ കടകളും മാളുകളും മാർക്കറ്റുകളും ഏപ്രിൽ 30 വരെ അടഞ്ഞുകിടക്കും. സിനിമാ തീയറ്ററുകൾ, ക്ലബ്ബുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ ഉൾപ്പടെയുള്ളവയും 30 വരെ അടഞ്ഞുകിടക്കും.

വാക്സിന്റെ കുറവ് മൂലം മുംബൈയിലെ സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ല. സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാകും വാക്സിൻ നൽകുക.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലയെ സജ്ജമാക്കാൻ കടുത്ത നിയന്ത്രങ്ങളുമായി രണ്ടു മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ കണ്ണി തകർക്കുന്നതിനായി എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഞായറഴ്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു കൂട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

Read Also: അതിരൂക്ഷം, ആശങ്കാജനകം; രാജ്യത്ത് 10 ലക്ഷം കടന്ന് സജീവ കേസുകൾ

ഛത്തീസ്‌ഗഢ്

കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് എട്ടോളം ജില്ലകളിൽ ഛത്തീസ്‌ഗഢ് സർക്കാർ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആകാശവാണി പുറത്തു വിട്ട വാർത്ത അനുസരിച്ച് രാജ്‌നന്ദ്‌ഗോൺ, ബൊമെത്ര, ബലോഡ് എന്നീ ജില്ലകൾ പൂർണ ലോക്ക്ഡൗണിലേക്ക് പോകും. തലസ്ഥാനമായ റായ്‌പൂർ, ദുർഗ്, ജങ്ഷപൂർ, കൊറിയ, ബലോഡാബസാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഞായറാഴ്ച മുതൽ സർക്കാർ പൂർണ ലോക്ക്ഡൗൺ ഏർപെടുത്തിയിട്ടുണ്ട്.

റായ്പൂരിൽ ഏപ്രിൽ ഒമ്പതിന് തുടങ്ങിയ ലോക്ക്ഡൗൺ ഏപ്രിൽ 19 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയുടെ അതിർത്തികൾ പൂർണമായി അടക്കുകയും, മരുന്ന് കടകൾ ഒഴികെയുള്ള എല്ലാ കടകളും മദ്യഷോപ്പുകളൂം അടച്ചിടുകയും ചെയ്തിട്ടുണ്ട്.

ഡൽഹി

രാജ്യ തലസ്ഥാനത്തെ കോവിഡ് വ്യാപനം കാരണമായി ഏപ്രിൽ 30 വരെ ഡൽഹി സർക്കാർ രാത്രി കർഫ്യു ഏർപെടുത്തിയിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യു.

ആരോഗ്യ പ്രവർത്തകർ, അത്യാവശ്യ യാത്രകൾ നടത്തുന്ന സർക്കാർ ജീവനക്കാർ എന്നിവരെയും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, അന്തർ സംസ്ഥാന ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്കും രാത്രി കർഫ്യുയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്ര നടത്തുന്ന സ്വകാര്യവാഹനങ്ങൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കും.

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും പൂർണമായ ലോക്ക്ഡൗണിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജിരിവാൾ പറഞ്ഞു. ചില മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും പറഞ്ഞു.

ഡൽഹിക്ക് പുറമെ നോയിടയിലെയും ഗാസിയാബാദിലെയുംജില്ലാഭരണകൂടങ്ങള്‍ 10 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശ്‌

ബാര്‍വനി, രാജ്ഗട്ട്, വിദിഷ,ഇന്‍ഡോര്‍, റാവു നഗര്‍, മഹു നഗര്‍, ഷജപുരിന്റെ നഗരഭാഗങ്ങള്‍, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏപ്രില്‍ 19ന് രാവിലെ 6 മണി വരെ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 12 മുതല്‍ 22 വരെ പത്ത് ദിവസത്തെ ലോക്ക്ഡൌണ്‍ ബാലഗട്ട്,നര്സിങ്ങ്പൂര്‍, സിയോണി,ജബല്‍പൂര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു പുറമേ എല്ലാ നഗര മേഘലകളിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ രാത്രി കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിഴാഴ്ച വൈകുന്നേരം ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?

പഞ്ചാബ്

ആദ്യം സംസ്ഥാനത്തെ 12 ജില്ലകളില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച സര്‍ക്കാര്‍, കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ രാത്രി കര്‍ഫ്യു ഏര്‍പെടുത്തി.

ചണ്ഡിഗഡിൽ രാത്രി 10.30 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, അന്തർ സംസ്ഥാന ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാര്‍ക്ക് രാത്രി കർഫ്യുയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഗുജറാത്ത്

ഏപ്രില്‍ 30 വരെ 20 നഗരങ്ങളില്‍ രാത്രി 8 മണി മുതല്‍ 6 മണിവരെയാണ് ഗുജറാത്ത്‌ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസിന്റെ വ്യാപനം തടയാന്‍ മൂന്ന് നാല് ദിവസത്തെ ലോക്ക്ഡൌണ്‍ കൊണ്ടുവരാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നത്.

ലോക്ക്ഡൌണ്‍ സമയത്ത് എല്ലാ പൊതുപരിപാടികളും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അതുപോലെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 നിന്ന് 100 ആയി കുറക്കുകയും ചെയ്തിട്ടുണ്ട്.

ഒഡിഷ

ഒഡിഷയിലെ പത്ത് ജില്ലകളില്‍ ഏപ്രില്‍ അഞ്ച് മുതല്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ എല്ലാ കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ അനുവദിക്കുകയുമില്ല.

കർണാടക

കർണാടകയിലെ ബംഗ്ലൂർ, മൈസൂർ, ബിദർ, തുംകൂർ, ഉഡുപ്പി- മണിപ്പാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഏപ്രിൽ പത്തു മുതൽ രാത്രി കർഫ്യു ഏർപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി കർഫ്യു നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കാശ്മീർ

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 10 മുതൽ നഗര എട്ടു ജില്ലകളിലെ നഗര പ്രദേശങ്ങളിൽ രാത്രി കർഫ്യു ഏർപ്പെടുത്താൻ ജമ്മു കാശ്മീർ ഭരണകൂടം തീരുമാനിച്ചു. രാത്രി 10 മുതൽ ആറു വരെയാണ് കർഫ്യു ഏർപ്പെടുത്തുക എന്ന് ജമ്മു കാശ്മീർ ഗവർണർ മനോജ് സിൻഹ ട്വീറ്റിലൂടെ അറിയിച്ചു.

രാജസ്ഥാൻ

ഏപ്രിൽ 19 വരെ രാജസ്ഥാൻ സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യു ഏർപെടുത്തിയിട്ടുണ്ട്. രാത്രി എട്ടു മുതൽ രാവിലെ ആറു മണി വരെയാണ് കർഫ്യു. ഒന്നു മുതൽ ഒമ്പതുവരെയുമുള്ള ക്‌ളാസ്സുകൾ ഏപ്രിൽ 17 വരെയും ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ജിമ്മുകൾക്കും, സിനിമാ തീയറ്ററുകൾക്കും വിലക്കുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 india lockdown maharashtra delhi punjab mp chhattisgarh