ന്യൂഡൽഹി: ഇന്ത്യയിൽ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 32,695 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇതുവരെ 9,68,876 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 606 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 24,915 ആയി.  രോഗമുക്തി നേടിയവരുടെ എണ്ണമാണ് രാജ്യത്തിനു ആശ്വാസം നൽകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63.25 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 20,782 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 3,31,146 ആണ്.

Read Also: ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്റെെനിൽ

രാജ്യത്ത് പ്രതിദിന കേസുകൾ 32000 കടന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് നൽകുന്നത്. പുതിയ കേസുകളുടെ 60.33 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 19,726 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിലും സ്ഥിതി ഗുരുതരമാകുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത മാസം മഹാമാരി കൂടുതൽ രൂക്ഷമാകും. അതുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജിതമാക്കണമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook