ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഞായറാഴ്ച 50 പുതിയ ഒമിക്റോൺ കേസുകൾ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 510 ആയതായി സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. എല്ലാ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, സ്പാകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മൃഗശാലകൾ, വിനോദ പാർക്കുകൾ എന്നിവ നാളെ മുതൽ അടച്ചിരിക്കും. ഓഫീസുകൾ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുവദിക്കും. അവശ്യ സേവനങ്ങൾ മാത്രം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ അനുവദിക്കും.
അതേസമയം, ഒഡീഷയിൽ ഞായറാഴ്ച 23 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് -19 ന്റെ പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു.
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,525 ആയതായാണ് ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ. മഹാരാഷ്ട്രയിലാണ് (460) ഏറ്റവും കൂടുതൽ കേസുകൾ. തൊട്ടുപിന്നിൽ ഡൽഹിയും (351), ഗുജറാത്തും (136), തമിഴ്നാടും (118), കേരളവുമാണ് (109). ഒമിക്രോൺ സ്ഥിരീകരിച്ച 560 ഇതുവരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോൺ വ്യാപനത്തോടൊപ്പം ഇന്ത്യയിലെ കോവിഡ് കേസുകളും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 27,553 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 284 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 9,249 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,22,801 പേർ രോഗംബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഡൽഹിയിൽ ശനിയാഴ്ച 2,716 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, മെയ് 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മുംബൈയിൽ, 6,180 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടുത്തെ പോസിറ്റീവിറ്റി നിരക്ക് 13 ശതമാനത്തോട് അടുത്താണ്. കർണാടകത്തിലും ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ശനിയാഴ്ച 1,033 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്, അതിൽ 810 കേസുകൾ ബാംഗ്ലൂരിലാണ്.
Also Read: കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ മുതൽ; 10 കോടി പേർക്ക് നൽകുക ലക്ഷ്യം
അതേസമയം, കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. ശനിയാഴ്ച രാത്രി 11.30 വരെ 15-18 വയസിനിടയിൽ പ്രായമുള്ള 3,15,416 പേരാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തത്.