ന്യൂഡൽഹി: മഞ്ഞുകാലത്ത് രാജ്യത്ത് കോവിഡ് -19 വ്യാപന നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. തണുത്ത കാലാവസ്ഥയിൽ കൊറോണ വൈറസ് കേസുകൾ ഉയരുമെന്ന് സൂചിപ്പിച്ച നിരവധി റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തണുത്ത കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിനാലാണ് ഇത്തരമൊരു സാധ്യത ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് -19 അണുബാധയ്ക്ക് കാരണമാകുന്ന സാർസ്-കോവ്-2 ഒരു റെസ്പിറേറ്ററി വൈറസാണെന്നും ഇത്തരം വൈറസുകളുടെ വ്യാപനം തണുത്ത കാലാവസ്ഥയിൽ വർദ്ധിക്കുമെന്നും പ്രതിവാര സോഷ്യൽ മീഡിയ പ്രഭാഷണത്തിൽ ഹർഷ് വർ‌ധൻ പറഞ്ഞു.

“തണുത്ത കാലാവസ്ഥയിലും കുറഞ്ഞ ഈർപ്പ അവസ്ഥയിലും റെസ്പിറേറ്ററി വൈറസുകൾ മികച്ച രീതിയിൽ വളരും. മനസ്സിൽ സൂക്ഷിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ശൈത്യകാലത്ത് നിരവധി ആളുകളുടെ വാസസ്ഥലങ്ങളിൽ തിരക്ക് കൂടുതലാണ്. ഇത് റെസ്പിറേറ്ററി വൈറസുകളുടെ വ്യാപനവും വർദ്ധിപ്പിക്കുന്നു ”, അദ്ദേഹം പറഞ്ഞു.

യുകെ പോലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച വർധൻ ശീതകാലം ആരംഭിക്കുന്നതോടെ അണുബാധകളുടെ എണ്ണം അവിടെ വർദ്ധിച്ചതായി പറഞ്ഞു. “ഇവ കണക്കിലെടുക്കുമ്പോൾ, ശൈത്യകാലത്ത് ഇന്ത്യൻ പശ്ചാത്തലത്തിലും സാർസ് കോവ് -2 വ്യാപന നിരക്കിൽ വർധനയുണ്ടാകുമെന്ന് കരുതുന്നത് തെറ്റല്ല,” എന്നും അദ്ദേഹം പറഞ്ഞു.

Read More: Explained: പ്രതിദിന കണക്കിൽ മഹാരാഷ്ട്രയെ മറികടന്ന് കേരളം; മാർച്ചിന് ശേഷം ഇതാദ്യം

“സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ ശ്രദ്ധാപൂർവ്വം പാലിക്കാൻ ഞങ്ങൾ ഊന്നൽ നൽകുന്നതിന്റെ കാരണം ഇതാണ്. അവ വളരെ ലളിതമാണ്. ഭയപ്പെടേണ്ട ആവശ്യമില്ല. ചികിത്സയെക്കാൾ രോഗം വരുന്നത് തടയുന്നതാണ് നല്ലത്,” മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ വാക്സിനുകൾ ലഭ്യമാകുമ്പോൾ അവയ്ക്ക് അടിയന്തര അംഗീകാരം നൽകുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. SARS-CoV-2 രോഗനിർണയത്തിനുള്ള ഫെലുഡ പേപ്പർ സ്ട്രിപ്പ് പരിശോധന അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, കോവിഡ് വാക്സിനുകൾ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്, ഇതിന്റെ ഫലങ്ങൾ കാത്തിരിക്കുന്നുവെന്ന് വർധൻ പറഞ്ഞു.

Read More: Covid-19 vaccine tracker, Oct 5: വാക്സിൻ നൽകേണ്ട മുൻ‌ഗണനാ ഗ്രൂപ്പുകളുടെ പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

സാമ്പത്തിക കാരണങ്ങളാൽ വാക്‌സിനായി സർക്കാർ യുവാക്കൾക്കും തൊഴിലാളിവർഗത്തിനും മുൻഗണന നൽകുന്നുവെന്ന അഭ്യൂഹങ്ങൾ വർധൻ നിഷേധിച്ചു. “കോവിഡ് -19 വാക്‌സിനുള്ള ഗ്രൂപ്പുകളുടെ മുൻഗണന രണ്ട് പ്രധാന പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും – അണുബാധയ്ക്കുള്ള സാധ്യത കൂടുതലായ തരത്തിൽ തൊഴിൽപരമായി നേരിടുന്ന അപകടസാധ്യത, കഠിനമായ രോഗം വരാനും മരണത്തിനുമുള്ള സാധ്യത എന്നിവയാണത്. ”

കോവിഡ് -19 വാക്സിൻ എങ്ങനെ പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ചോദ്യത്തിന്, തുടക്കത്തിൽ തന്നെ വാക്സിനുകൾ പരിമിതമായ അളവിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: Covid cases may increase during winter: Health Minister Harsh Vardhan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook