മലേറിയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. ഈ മരുന്ന് കോവിഡ്-19 രോഗികളില്‍ ചെറിയ തോതില്‍ ഫലപ്രദമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് വാണിജ്യ മന്ത്രാലയം കയറ്റുമതി നിരോധിച്ചത്. ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവണ്ടായത് കാരണമാണ് മുന്‍കരുതലായി ഈ നടപടി സ്വീകരിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിനിന്റേയും അത് ഉപയോഗിച്ചുള്ള മരുന്നുകളുടേയും കയറ്റുമതി നിരോധനം ഉടനടി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

അതേസമയം, പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നുള്ളതും മാനുഷിക പരിഗണന വച്ചുള്ളതുമായി കയറ്റുമതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയാല്‍ അനുവാദം നല്‍കുമെന്ന് മന്ത്രാലയം പറഞ്ഞു. സാനിറ്റൈസറുകള്‍, വെന്റിലേറ്ററുകള്‍, കൃത്രിമ ശ്വാസനോപകരണങ്ങള്‍, ഓക്‌സിജന്‍ തെറാപ്പി ഉപകരണങ്ങള്‍, മറ്റു ശ്വസന ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

Read Also: കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ: യാഥാർഥ്യമെന്ത്?

സര്‍ജിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌കുകള്‍, എല്ലാതരം വെന്റിലേറ്ററുകള്‍, മാസ്‌ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ടെക്‌സ്റ്റൈല്‍ അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍പ്പെട്ടെന്ന് വര്‍ദ്ധനവുണ്ടായിരിക്കുന്ന അവസരത്തില്‍ ആവശ്യത്തിനുള്ള വെന്റിലേറ്ററുകളുടെ അഭാവം രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഫാക്ടറികളില്‍ എങ്ങനെ വെന്റിലേറ്ററുകള്‍ ഉണ്ടാക്കാമെന്നുള്ള സാധ്യത പരിശോധിക്കുമെന്ന് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook